തലസ്ഥാനത്തെ തഴഞ്ഞെന്ന് ബിജെപി; 2500 കോടിയുടെ പദ്ധതികളെന്ന് സിപിഎം; രാഷ്ട്രീയപ്പോര്

തിരുവനന്തപുരത്തിന് ബജറ്റിലുള്ള സംഭാവനകളെ ചൊല്ലി രാഷ്ട്രീയപ്പോര് മൂര്‍ച്ഛിക്കുന്നു. തലസ്ഥാനത്തെ പൂര്‍ണമായി തഴഞ്ഞെന്ന് ആരോപിച്ച് ബി.ജെ.പി സമരം തുടങ്ങിയപ്പോള്‍ രണ്ടായിരം കോടിയിലേറെ രൂപയുടെ പദ്ധതികളുണ്ടെന്ന അവകാശവാദവുമായി സി.പി.എം രംഗത്തെത്തി. തദേശതിരഞ്ഞെടുപ്പാണ് ബജറ്റ് മുന്‍നിര്‍ത്തിയുള്ള പോരിന്റെ ലക്ഷ്യം. 

തലസ്ഥാനത്തെ തഴഞ്ഞത് ധനമന്ത്രിയും ജില്ലയുടെ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള അഭിപ്രായവ്യാത്യാസമാണെന്ന് ആരോപിച്ച് രാഷ്ട്രീയപ്പോരിന്റെ മുഖവും വ്യക്തമാക്കി. തൊട്ടുപിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും കോര്‍പ്പറേഷന്‍ മേയറെയും ഒരുമിച്ചിരുത്തി വാര്‍ത്താസമ്മേളനം വിളിച്ച് സി.പി.എം മറുപടിയുമായെത്തി. മുന്‍കാലത്തൊന്നുമില്ലാത്തത്ര പദ്ധതികള്‍, ഏകദേശം രണ്ടായിരത്തി അഞ്ചൂറ് കോടിയോളം രൂപ ജില്ലയ്ക്ക് കിട്ടിയെന്നാണ് അവകാശപ്പെടുന്നത്.

വട്ടിയൂര്‍ക്കാവിനും കാട്ടാക്കടയ്ക്കും വികസനപാക്കേജ്, മെഡിക്കല്‍ കോളജ് വികസനം , അന്പതിലേറെ ചെറുതും വലുതുമായ റോഡ്, പാലം, സര്‍ക്കാര്‍ ഓഫീസ് നിര്‍മാണങ്ങള്‍ക്ക് തുക, ഇവയാണ് നേട്ടമായി സി.പി.എം അവകാശപ്പെടുന്നത്. എന്നാല്‍ നദീ നവീകരണത്തിന് സംസ്ഥാനത്തിന് മൊത്തമായി അനുവദിച്ച 20 കോടി കിള്ളിയാറിന് മാത്രമാണെന്ന വ്യാജഅവകാശവാദവും സി.പി.എം പട്ടികയിലുണ്ട്. എന്തായാലും കോര്‍പ്പറേഷനിലടക്കം ത്രികോണമല്‍സരം നടക്കുന്ന തിരുവനന്തപുരത്ത് ബജറ്റ് തിരഞ്ഞെടുപ്പ് പോരിന് തുടക്കമിടുകയാണ്.