ഉയർന്ന വിലയ്ക്ക് വാങ്ങിയത് പാഴ്ഭൂമി; സഹകരണബാങ്കിലെ ഭൂമിയിടപാട് വിവാദത്തിൽ

കൊല്ലം കുളത്തൂപ്പുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭൂമിയിടപാട് വിവാദത്തില്‍. എല്‍ഡിഎഫ് ഭരണസമിതി വിപണി വിലയേക്കാള്‍ ഉയര്‍ന്ന തുക നല്‍കി ഉപയോഗ ശൂന്യമായ സ്ഥലം വാങ്ങിയെന്നാണ് ആരോപണം. ഭൂമിയിടപാടിനെപ്പറ്റി അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സഹകരണ രജിസ്റ്റാര്‍ക്ക് പരാതി നല്‍കി.

കെട്ടിടം പണിയാനാണ് കുളത്തുപ്പുഴ സര്‍വീസ് സഹകരണ ബാങ്ങ് സ്ഥലം വാങ്ങിയത്. ബാങ്ങിനോട് ചേര്‍ന്നുള്ള ഇരുപത് സെന്റ് സ്ഥലം നാല്‍പതുലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. എന്നാല്‍ പ്രദേശത്ത് സ്ഥലത്തിന് അത്രയും വിലയില്ലെന്നാണ് യുഡിഎഫിന്റെ ആരോപണം.

ബാങ്ക് വാങ്ങിയ സ്ഥലം സര്‍ക്കാര്‍ രേഖകളില്‍ നിലമാണ്. അതുകൊണ്ട് പുതിയ കെട്ടിടം പണിയാന്‍ പഞ്ചായത്തില്‍ നിന്നു അനുമതി ലഭിച്ചിട്ടില്ല. ഉപയോഗ ശൂന്യമായ സ്ഥലം ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയതിന് പിന്നില്‍ ബാങ്ക് ഭരണസമിതിയിലെ സിപിഎം അംഗങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങളാണെന്നും ആക്ഷേപമുണ്ട്.