ട്രാന്‍സ്ജന്‍ഡറിന്റെ സഹായത്തോടെ ഭീഷണിപ്പെടുത്തി പണം തട്ടൽ; അറസ്റ്റ്

ട്രാന്‍സ്ജന്‍ഡറിന്റെ സഹായത്തോടെ വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ ഒരാള്‍ കൊല്ലം ചവറയില്‍ അറസ്റ്റില്‍. തട്ടിപ്പ് നടത്തുന്നതിനിടെയാണ് കരുനാഗപ്പളളി സ്വദേശി അരുണ്‍ പത്രോസിനെ ചവറ പൊലീസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന ട്രാന്‍സ്ജന്‍ഡര്‍ സ്നേഹക്കെതിരെയും പൊലീസ് കേസെടുത്തു.

സ്നേഹയും അരുണ്‍ പത്രോസും ചേര്‍ന്ന് ഏറെനാളായി തട്ടിപ്പുനടത്തി വരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാത്രികാലങ്ങളില്‍ ചവറ കെഎംഎംഎല്ലിന് സമീപം സ്നേഹ നിലയുറപ്പിക്കും. വഴിയാത്രക്കാരെ വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകും. ഇവിടെവെച്ച് അരുണ്‍ ഇവരെ മാരകായുധങ്ങള്‍ കാട്ടി  ഭീഷണിപ്പെട്ടുത്തി കൈവശമുള്ള പണവും മറ്റും വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചുപറിക്കും. അപമാനം ഭയന്ന് ആരും പരാതി നല്‍കിയിരുന്നില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി ചവറ പൊലീസ് നാടകീയമായി അരുണിനെ പിടികൂടുകയായിരുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സംഘത്തിലില്ലാതിരുന്നതിനാല്‍ സ്നേഹയെ കസ്റ്റഡിയിലെടുത്തില്ല. അരുണിന്റെ ബാഗില്‍ നിന്നും കഞ്ചാവുള്‍പ്പെടെയുളള ലഹരി വസ്തുക്കള്‍ കണ്ടെടുത്തു. ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്ന വെളുത്തമണലിലെ ലോഡ്ജില്‍ സ്നേഹയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.