ദുരിതമൊഴിയാതെ കൈനകരിക്കാർ; വെള്ളക്കെട്ടിലായ കുടുംബങ്ങൾക്ക് സഹായമെത്തിയില്ല

ആലപ്പുഴ കൈനകരിയില്‍ വെള്ളക്കെട്ടിലാണ്ട കുടുംബങ്ങളെ സഹായിക്കാന്‍ നടപടികളായില്ല. ദുരിതബാധിതര്‍ പരാതിയുമായി കലക്ടറെ കണ്ടു. മടകുത്താനുളള നടപടികള്‍ക്ക് ആക്കം കൂട്ടാന്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ പ്രതികരിച്ചു.

പതിവിലും ആഴത്തിലും നീളത്തിലുമാണ് കനകാശേരി പാടത്ത് മടവീഴ്ചയുണ്ടായത്. പാടത്തിന് ചുറ്റുമുള്ള വീടുകളാണിത്. ഓരോ വീട്ടിലേക്കും ഓരോ പാലമിട്ടാണ് പോകേണ്ടത്. ചെന്നുകയറുന്നതും വെളളത്തിലേക്കാണ്. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും ഉദ്യോഗസ്ഥര്‍ അനങ്ങുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. മൂന്നാഴ്ച മുന്‍പുപറഞ്ഞ കാര്യങ്ങള്‍തന്നെ കലക്ടര്‍ എം.അഞ്ജന ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു 

തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നോ, അടിയന്തരമായി മടകുത്തിയോ പ്രശ്നപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ അപേക്ഷ. എന്നാല്‍ ദുരിത ബാധിതര്‍ക്ക് സപ്ലൈക്കോ വഴി ആയിരം രൂപയുടെ സാധനങ്ങള്‍ വാങ്ങാനുള്ള വൗച്ചര്‍ നല്‍കിയതായും മടകുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍േദശം നല്‍കിയതായും കലക്ടര്‍ വിശദീകരിച്ചു.