അനധികൃത പടക്ക നിർമാണശാലയിൽ പരിശോധന; വൻ ശേഖരം പിടികൂടി

കൊല്ലം ചവറയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന പടക്കനിർമാണശാലയിൽ പൊലീസ് പരിശോധന. നൂറു കിലോയിലധികം വെടിമരുന്നും വന്‍ പടക്കശേഖരവും പിടിച്ചെടുത്തു. പൊലീസിനെ കണ്ട് സ്ഥാപനയുടമ ഓടി രക്ഷപെട്ടു. 

ചവറ കൊറ്റംകുളങ്ങരയിലെ ഒരു വീട്ടിലായിരുന്നു സുരക്ഷ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ പടക്കനിർമാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ രാത്രിയില്‍ പരിശോധന നടത്തി. ഗുണ്ട്,മാലപ്പടക്കം,പൂത്തിരി മുതലായവും നൂറു കിലോയോളം വെടിമരുന്നും പിടിച്ചെടുത്തു.

പടക്കനിർമാണശാലയുടെ ഉടമയും കൊറ്റംകുളങ്ങര സ്വദേശിയുമായ സുധീർ ഒളിവിലാണ്. ഇയാള്‍ക്കെതിരെ ലൈസൻസ് ഇല്ലാതെ പടക്കം നിർമിച്ചതിനും വെടിമരുന്ന് ശേഖരിച്ചതിനും കേസെടുത്തിട്ടുണ്ട്.