അഞ്ചലിൽ അജ്ഞാത ജീവി ആക്രമണം; കാടക്കോഴികളെ കൊന്നു

കൊല്ലം അഞ്ചലില്‍ അറുന്നൂറോളം കാടക്കോഴികളെ അജ്ഞാത ജീവി കടിച്ചു കൊന്നു. അഞ്ജാത ജീവിയെ പിടികൂടാനായി വനം വകുപ്പ് കെണി സ്ഥാപിച്ചു. അഞ്ചൽ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ തെരുവ് നായ ശല്യവും രൂക്ഷമാണെന്ന് പരാതിയുണ്ട്.

അഞ്ചൽ അലയമണ്ണില്‍ താമസിക്കുന്ന മാത്യു തരകന്റെ കാട കോഴികളെയാണ് അജ്ഞാത ജീവികൾ കൊന്നത്. കമ്പി നെറ്റു കൊണ്ടുള്ള കൂട് തകർത്താണ് കാടക്കോഴികളെ ആക്രമിച്ചത്. പുലർച്ചെ പക്ഷികള്‍ക്ക് തീറ്റയുമായി എത്തിയപ്പോഴാണ് കൂട്ടില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നത് വീട്ടുകാര്‍ കണ്ടത്.

കാടക്കോഴികളെ ആക്രമിച്ചത് മരപ്പട്ടിയോ കീരിയോ ആണെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഇവയെ പിടികൂടാനായി കെണി സ്ഥാപിച്ചിട്ടുണ്ട്. മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികാരികള്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.