കാട്ടുപന്നിശല്യം രൂക്ഷം; നടപടി ആവശ്യപ്പെട്ട് കര്‍ഷക മാര്‍ച്ച്

കാട്ടുപന്നിശല്യത്തില്‍ ഗതിമുട്ടിയതോടെ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട കലക്ടറേറ്റിലേയ്ക്ക് കര്‍ഷക മാര്‍ച്ച്.  ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള കര്‍ഷകരാണ് കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാതിരുന്നാല്‍ സമരം ശക്തമാക്കാനാണ് കര്‍ഷകസമിതിയുടെ തീരുമാനം. 

കാട്ടുപന്നിയുടെ ശല്യംരൂക്ഷമായതോടെ കൃഷിയിറക്കാന്‍ കഴിയാത്തനിലയിലാണ് കര്‍ഷകര്‍. കപ്പ, ചേമ്പ്, ചേന എന്നിവ കൃഷിചെയ്യാനാവുന്നില്ല. വാഴയും തെങ്ങിന്‍ തൈകളും കാടിറങ്ങിവരുന്ന പന്നികള്‍ വ്യാപകമായി നശിപ്പിക്കുന്നു. നടപടിയാവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിനല്‍കിയെങ്കിലും ഫലമുണ്ടായില്ല‌. ഇതോടെയാണ് കര്‍ഷകര്‍ പ്രതിഷേധത്തിനിറങ്ങിയത്.

കാട്ടുപന്നിശല്യത്തില്‍ പൊറുതിമുട്ടി ജില്ലയിലെ പല പഞ്ചായത്തുകളിലെയും കര്‍ഷകര്‍ കൃഷിതന്നെ ഉപേക്ഷിച്ചു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം.