കെഎസ്ആർടിസി സമരം: തെക്കന്‍ കേരളത്തിലും ജനം വലഞ്ഞു

കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്കില്‍ തെക്കന്‍ കേരളത്തിലെ പൊതുഗതാഗതം താറുമാറായി. തെക്കന്‍ ജില്ലകളില്‍ 1155 സര്‍വീസുകള്‍ മുടങ്ങി. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് അനുകൂല സംഘടന പണിമുടക്കിയത്. ‌

മുടങ്ങിയ ശമ്പളം വിതരണം ചെയ്യുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, പുതിയ ബസുകള്‍ വാങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് അനുകൂല സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തത്.  കെഎസ്ആര്‍ടിസി സര്‍വീസ് കൂടുതലുള്ളത് തെക്കന്‍ ജില്ലകളിലായതിനാല്‍തന്നെ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. തിരുവനന്തപുരം സെന്‍ട്രലില്‍ 140 ഉം കൊല്ലത്ത് 225 ഉം പത്തനംതിട്ടയില്‍ 37 ഉം സര്‍വീസുകള്‍ മുടങ്ങി. പലയിടത്തും സമരാനുകൂലികൾ ബസുകള്‍ തടഞ്ഞു. നെടുമങ്ങാട് ഡ്രൈവർക്ക് മർദനമേറ്റു. കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസ് തടയാന്‍ ശ്രമിച്ച 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചടയമംഗലത്ത് നിന്ന് ഒരു സർവീസുപോലും നടത്തിയില്ല. മലയോര മേഖലകളില്‍ ആളുകളും ബസുക്കിട്ടാതെ വലഞ്ഞു.

സമരത്തെ നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ സമരം കാര്യമായി ബാധിക്കില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് മറ്റ് യൂണിയന്‍കാരും കൂട്ട അവധിയെടുത്തതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണമായത്.