വളർത്തുനായ്ക്കൾക്ക് ലൈസൻസ് വേണം, കേർപ്പറേഷൻ

വളര്‍ത്തുനായ്ക്കളെ തെരുവിലുപേക്ഷിക്കുന്നതാണ് തെരുവുനായശല്യം വര്‍ധിക്കാന്‍ കാരണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍. തെരുവുനായ ആക്രമണം വര്‍ധിച്ച സാഹചര്യത്തെ കുറിച്ച് തദ്ദേശ സ്വയംഭരണവകുപ്പിന് നല്‍കിയ വിശദീകരണത്തിലാണ് കോര്‍പ്പറേഷന്‍റെ വാദം. വളർത്തുനായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തിയാൽ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂവെന്നും കോര്‍പ്പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചു. 

കഴിഞ്ഞ 4 മാസത്തിനിടെ 1137 തെരുവുനായ്ക്കളെ വന്ധ്യം കരിച്ചു. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 2100 രൂപ നിരക്കിൽ 1500 തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് മുപ്പത്തിയൊന്നര ലക്ഷം രൂപ കൂടുംബശ്രീക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതിക്കായി വകയിരുത്തിയ 52 ലക്ഷം രൂപയിൽ 47 ലക്ഷം ചെലവാക്കി. ഈ സാമ്പത്തിക വർഷം 14 ലക്ഷം രൂപ കൂടി ചെലവാക്കിയിട്ടുണ്ട്.  പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും, റിപ്പോർട്ടും ഉൾപ്പെടെ വിശദമായ മറുപടിയാണ് കോർപറേഷൻ തദ്ദേശ സ്വയംഭരണവകുപ്പിന് സമർപ്പിച്ചത്. രോഗങ്ങളും മറ്റും കാരണം വീടുകളിൽ വളർത്തുന്ന നായ്ക്കളെ തെരുവുകളിൽ ഉപേക്ഷിക്കുന്നത് ഇവയുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമാകുന്നുവെന്നും കോര്‍പ്പറേഷന്‍ പറയുന്നു.

മൃഗ ജനന നിയന്ത്രണ പരിപാടി നടപ്പാക്കുന്നതിൽ കോർപറേഷൻ സെക്രട്ടറി ഗുരുതരവീഴ്ച വരുത്തിയതായി ബോധ്യപ്പെട്ടതോടെയാണ് തദ്ദേശവകുപ്പ് കോര്‍പ്പറേഷന് നോട്ടീസയച്ചത്.  നടപടികൾ കാര്യക്ഷമമല്ല എന്നാണ് നിരന്തരം നായ്ക്കളുടെ ആക്രമണത്തിലൂടെ വ്യക്തമാകുന്നതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, നഗരത്തിൽ തെരുവു നായ്ക്കളുടെ എണ്ണവും അവയുടെ ആക്രമണങ്ങളും ദിനംപ്രതി കൂടി വരികയാണ്. രാത്രി ജോലി കഴിഞ്ഞു പോകുന്നവരും പ്രഭാത സവാരിക്കാരുമാണ് കൂടുതലും തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്.