വായ്പാതുക തിരിച്ചടവ് മുടക്കി; വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിനു നോട്ടിസ്

വായ്പാതുക തിരിച്ചടവ് മുടക്കിയ വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിനു ബാങ്കിന്‍റെ നോട്ടിസ്. വായ്പയെടുത്ത 122 കോടി രൂപ അറുപതു ദിവസങ്ങള്‍ക്കകം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികളിലേക്ക് കടക്കും. നേരത്തെ കോളജിന്‍റെ നടത്തിപ്പില്‍വിജിലന്‍സ്  വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു.

എസ്.ആര്‍ മെഡിക്കല്‍ കോളജിന്‍റെ വസ്തുവകകള്‍ ഈടു നല്‍കി സ്വകാര്യ ബാങ്കില്‍ നിന്നെടുത്ത വായ്പാതുകയിലാണ് ബാങ്ക് നോട്ടിസ് . വായ്പായെടുത്ത 122 കോടിരൂപയുടെ പലിശാ കുടിശികയടക്കം 127 കോടി രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. 60 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികളുണ്ടാകുമെന്നുള്ള മുന്നറിയിപ്പും നോട്ടിസിലുണ്ട്. അനുമതിയില്ലാതെ കെട്ടിടങ്ങള്‍ നിര്‍മിച്ച എസ്.ആര്‍.മെഡിക്കല്‍ ട്രസ്റ്റിനെതിരെ  പഞ്ചായത്ത് പൊലീസിനും റവന്യുവകുപ്പിനും പരാതി നല്‍കിയിരുന്നു.  ഒരു കെട്ടിടത്തിനുവേണ്ട നിര്‍മാണാനുമതി വാങ്ങി നിരവധി കെട്ടിടങ്ങള്‍ എസ്.ആര്‍ മാനേജ്മെന്‍റ് നിര്‍മിച്ചു എന്നാണ് കോളജ് സ്ഥിതിചെയ്യുന്ന ചെറിന്നിയൂര്‍ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.പരിശോധനാസമയത്ത് മെഡിക്കല്‍ കൗണ്‍സിലിനെ കബളിപ്പിക്കാന്‍ പുറത്തുനിന്നു രോഗികളെ മാനേജ്മെന്‍റ്  എത്തിക്കുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടിരുന്നു. കോളജിന്‍റെ നടത്തിപ്പിലടക്കം വന്‍ ക്രമക്കേടുണ്ടെന്നു കണ്ടെത്തിയ വിജിലന്‍സ് ഉന്നത തല അന്വേഷണം ശുപാര്‍ശ ചെയ്ത് സര്‍ക്കാരിനു റിപ്പോര്‍ട്ടും സമര‍പ്പിച്ചു. ഇതിനിടയിലാണ് ബാങ്കിന്‍റെ ജപ്്തി നടപടി കത്തും കോളജിനു ലബിച്ചത്.