അനധികൃത നിയമനത്തിന് കൂട്ടു നിൽക്കാത്ത സൂപ്രണ്ടിനെ സ്ഥലം മാറ്റി; പ്രതിഷേധം

കൊല്ലം അഞ്ചല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധവുമായി ജീവനക്കാരും നാട്ടുകാരും. അനധികൃത നിയമനത്തിന് കൂട്ടു നില്‍ക്കാത്തതിനാണ് ഡോക്ടറെ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. സ്ഥലം മാറ്റം ചട്ടവിരുദ്ധമാണെന്ന ആക്ഷേപവുമായി ഡോക്ടര്‍മാരുടെ സംഘടനയും രംഗത്തെത്തി. 

അഞ്ചൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ.എസ്.സജീവിനെ നീണ്ടകരയിലേക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥലം മാറ്റിയത്. ആശുപത്രിയലെ എക്സ്റേ, ഇസിജി ടെക്നീഷ്യന്‍ തുടങ്ങിയ തസ്കയിലേക്ക് താല്‍കാലിക ജീവക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സ്ഥലം മാറ്റത്തിന് കാരണമെന്നാണ് ആക്ഷേപം. സിപിഎം നേതൃത്വത്തിലുള്ള അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നല്‍കിയ പട്ടിക സൂപ്രണ്ട് അംഗീകരിച്ചില്ല. പിന്നാലെ ആശുപത്രി വികസന സമിതി അംഗീകരിച്ച് നൽകിയ മറ്റൊരു പട്ടിക ബ്ലോക്ക് പഞ്ചായത്തു ഭരണ സമതിയും തള്ളി. ഇതിനിടെയാണ് സൂപ്രണ്ടിനെ സ്ഥലം മാറ്റിയത്.

അതേസമയം ഡോക്ടര്‍ രോഗികളോട് മോശമായി പെരുമാറുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. സ്ഥലം മാറ്റത്തിനെതിരെ ഡോ.എസ്. സജീവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ പരാതി നല്‍കി.