തൊഴിലാളികൾക്ക് ശമ്പളം മുടങ്ങി; കോമളപുരം സ്പിന്നിങ് മിൽ പ്രതിസന്ധിയിലേക്ക്

ആലപ്പുഴ കോമളപുരം സ്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനം വീണ്ടും താറുമാറായി. തൊഴിലാളികളുടെ ശമ്പളം മുടങ്ങി. വൈദ്യുതി കുടിശിക ഒന്നേമുക്കാല്‍ കോടിയായി ഉയര്‍ന്നു. സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സംഘടനകള്‍ ആരോപിച്ചു.

ജൂലൈ മാസത്തെ വേതനം തൊഴിലാളികള്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. മില്ലിന്റെ രണ്ടാം ഘട്ട വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 15 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചിരിക്കെയാണ് ഈ ദുരവസ്ഥ.

അസംസ്കൃത വസ്തുക്കള്‍ ലഭിക്കാതെ വന്നതോടെ ആഴ്ച്ചകളായി മില്ലിന്റെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. തൊഴിലാളികള്‍ സ്ഥാപനത്തില്‍ എത്തും. വെറുതെയിരിക്കും. എല്ലാ ഷിഫ്റ്റുകളിലും ഇതാണ് അവസ്ഥ. മന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലുള്ള സ്പിന്നിങ് മില്ലില്‍ തൊഴിലാളികളെ നിയമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കവും കേസുകളും നിലവിലുണ്ട്. സര്‍ക്കാരിന്റെ പകപോക്കലാണ് ഇപ്പോള്‍ കാണുന്നതെന്ന് ഐ.എന്‍.ടി.യു.സി ആരോപിക്കുന്നു