വെഞ്ഞാറമൂട്ടിലെ ഗതാഗത കുരുക്കഴിയുന്നു; മേൽപ്പാലത്തിന് 25 കോടിയുടെ ഫണ്ട്

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കഴിയുമെന്ന പ്രതീക്ഷയ്ക്ക് വേഗമേറുന്നു. മേല്‍പ്പാല നിര്‍മാണത്തിന് കിഫ്ബിയില്‍ നിന്ന് ഇരുപത്തിയഞ്ച് കോടി അനുവദിച്ചു. വഴിമുട്ടി വെഞ്ഞാറമൂട് എന്ന വാര്‍ത്താ പരമ്പരയിലൂടെ മനോരമ ന്യൂസാണ് ജനങ്ങളുടെ ദുരിതം തുറന്നു കാണിച്ചത്. 

മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന് പരിഹാരം തെളിയുന്നു. കുരുക്കഴിക്കുമെന്ന് കരുതുന്ന മേല്‍പ്പാല നിര്‍മാണത്തിന് 25. 3 കോടിയാണ് അനുവദിച്ചിരിക്കുന്നത്. 337 മീററര്‍ നീളവും 11.50 മീറ്റര്‍ വീതിയുമുള്ള പാലമാണ് യാഥാര്‍ഥ്യമാകുന്നത്. മേല്‍പ്പാലത്തിന്റെ തൂണുകള്‍ക്കിടയിലായി പാര്‍ക്കിങ് സൗകര്യമൊരുക്കും. ഒാട്ടോ സ്റ്റാന്റും ഇവിടേയ്ക്ക് മാററും. ആദ്യഘട്ടമായി കൈയേററങ്ങള്‍ ഒഴിപ്പിക്കും. 

കേരളത്തിന്റെ വടക്കന്‍ മേഖലയില്‍ നിന്ന് എം.സി. റോഡിലൂടെ  വരുന്നവര്‍ക്ക്  തിരുവനന്തപുരം ജില്ലയുടെ പ്രവേശന കവാടമാണ് വെ‍ഞ്ഞാറമൂട് ജംങ്ഷന്‍. കിളിമാനൂര്‍ കഴിയുമ്പോഴേക്കും ഇഴഞ്ഞുതുടങ്ങുന്ന വാഹനങ്ങള്‍ വെഞ്ഞാറമൂട് എത്തുമ്പോള്‍ നിശ്ചലമാകുന്നതാണ് നിലവിലെ അവസ്ഥ. ഇത് ചൂണ്ടിക്കാട്ടി മനോരമ ന്യൂസ് വെഞ്ഞാറമൂട്ടില്‍ സംഘടിപ്പിച്ച നാട്ടുകൂട്ടത്തില്‍ പരിഹാരമുറപ്പാക്കുമെന്ന് ഡി കെ മുരളി എം എല്‍ എ ജനങ്ങള്‍ക്ക് വാഗ്ദാനം നല്കിയിരുന്നു.