അഴീക്കലിൽ ജനങ്ങളെ മാറ്റി താമസിപ്പിക്കാൻ ഇടമില്ല; കേന്ദ്ര ദുരന്ത നിവാരണ സേന

കരിമണല്‍ ഖനനമേഖലയായ കൊല്ലം ആലപ്പാട്ട് തീരം കേന്ദ്ര ദുരന്ത നിവാരണ സേന സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തങ്ങളില്‍ നിന്നു ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകള്‍ സംഘം പരിശോധിച്ചു.

നാട്ടുകാര്‍, ജനപ്രതിനിധികള്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്നു കേന്ദ്ര ദുരന്ത നിവാരണ സേന വിവരങ്ങള്‍ തേടി.  പതിവായി കടല്‍ക്ഷോഭം ഉണ്ടാകാറുള്ള അഴീക്കല്‍, ചെറിയ അഴീക്കല്‍ വെള്ളനാതുരുത്ത് പ്രദേശങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. അപ്രതീക്ഷിത പ്രകൃതി ദുരന്തമുണ്ടായാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിന് കടലിനും കായലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന അഴീക്കലില്‍ സ്ഥലമില്ലെന്ന് സംഘം വിലയിരുത്തി. 

വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കും. കേന്ദ്രപൊതുമേഖലാ ഐആര്‍ഇയുടെ അനധികൃത കരിമണല്‍ ഖനനമാണ് കടല്‍ക്കയറ്റത്തിന് കാരണമെന്ന്  നാട്ടുകാര്‍ ദുരന്ത നിവാരണ സേനയെ അറിയിച്ചു. ഖനനത്തിനെതിരായ ആലപ്പാട്ടുകാരുടെ റിലേ നിരാഹരസമരം ഇരുന്നൂറ്റിഅന്‍പതു ദിവസം പിന്നിട്ടു.