വട്ടിയൂര്‍ക്കാവ് ജംഗ്ഷന് ശാപമോക്ഷം; വികസനത്തിന് 219 കോടി

ഗതാഗതക്കുരുക്കില്‍ പൊറുതിമുട്ടിയ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ജംഗ്ഷന് ശാപമോക്ഷം. ജംഗ്ഷന്റെയും റോഡുകളുടെയും വികസനത്തിനായി 219 കോടി രൂപ അനുവദിച്ചു. സ്ഥലമേറ്റെടുപ്പ് കഴിഞ്ഞാല്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

മൂന്ന് റോഡുകള്‍ വന്നുചേരുന്ന തലസ്ഥാന നഗരിയിലെ വട്ടിയൂര്‍ക്കാവില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് ജംഗ്ഷന്‍ വിപുലീകരണവും റോഡ് വികസനവും.  അധികാരികളോട് പറഞ്ഞുമടുത്തപ്പോള്‍ ജനങ്ങള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. നിരവധി ബഡ്ജറ്റുകളില്‍ പണം അനുവദിച്ചെങ്കിലും നിര്‍മാണം മാത്രം എങ്ങുമെത്തിയില്ല. ഇപ്പോള്‍ കിഫ്ബിയില്‍ നിന്ന് 219 കോടി അനുവദിച്ചതോടെയാണ് റോഡ് വികസനത്തിന് വീണ്ടും ജീവന്‍ വച്ചത്.

നിലവില്‍ 12 മീറ്ററുള്ള റോഡ് 21 മീറ്റര്‍ വീതിയാക്കും. ശാസ്തമംഗലം മുതല്‍  വഴയിലെ വരെയുള്ള റോഡുകളാണ് വികസിപ്പിക്കുന്നത്. ആകെ 26 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം. വട്ടിയൂര്‍ക്കാവ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍  കഴിഞ്ഞ ദിവസം ആരംഭിച്ച നിരാഹാര സമരം മന്ത്രിയുടെ തീരുമാനത്തെത്തുടര്‍ന്ന് അവസാനിപ്പിച്ചു. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെയെത്തിയ വാഗ്ദാനം ഇത്തവണയെങ്കിലും നടപ്പാക്കുമോയെന്ന ആശങ്കയും നാട്ടുകാര്‍ പങ്കുവയ്ക്കുന്നു.