കെട്ടിക്കിടക്കുന്നത് അഞ്ഞൂറോളം ഫയലുകൾ; വേഗത്തിൽ തീർപ്പാക്കാൻ നിര്‍ദേശം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി കെട്ടിക്കിടക്കുന്നത് അഞ്ഞൂറോളം ഫയലുകള്‍. ഇവയെല്ലാം ഒരാഴ്ചക്കുള്ളില്‍ പരിഹാരം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മേയര്‍ നിര്‍ദേശം നല്‍കി. ആന്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പരാതികളില്‍ അതിവേഗ തീര്‍പ്പുണ്ടാക്കാനായി പ്രത്യേക അദാലത്തുകള്‍ക്കും തുടക്കമായി. 

ആന്തൂര്‍ നഗരസഭയുടെ അനാസ്ഥയാണ് സാജന്‍ എന്ന വ്യവസായിയുടെ ജീവനെടുത്തത്. ഈ വീഴ്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഫയല്‍ നീക്കം അതിവേഗത്തിലാക്കുകയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍. കെട്ടിട നിര്‍മാണ അനുമതിക്കുള്ളതടക്കം അഞ്ഞൂറോളം ഫയലുകളാണ് നിലവില്‍ കെട്ടിക്കിടക്കുന്നത്. ഇവയെല്ലാം ഉടനടി തീര്‍പ്പാക്കുകയെന്ന ലക്ഷ്യത്തോടെ സോണല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് അദാലത്ത് തുടങ്ങി. മേയറും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരും നേരിട്ടെത്തിയാണ് ഫയലുകള്‍ പരിശോധിച്ചത്.

ഏഴ് സോണുകളിലായി നടന്ന അദാലത്തില്‍ 68 പരാതികള്‍ പുതിയതായി വന്നപ്പോള്‍ 50 എണ്ണത്തിനും പരിഹാരം കണ്ടു. ഇതുകൂടാതെ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഫയലുകള്‍ പ്രത്യേകം പരിശോധിക്കും. അവയുടെ എണ്ണവും വിവരങ്ങളും ഒരാഴ്ചക്കുള്ളില്‍ അറിയിക്കാന്‍ സോണല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന് ശേഷം അടുത്തമാസം 17ന് തദേശസ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തില്‍ മെഗാ അദാലത്ത് നടത്തുന്നതോടെ പ്രശ്നത്തിന് പൂര്‍ണപരിഹാരമാകുമെന്നാണ് കണക്ക് കൂട്ടല്‍.