പെരിങ്ങരയിലെ തോടുകള്‍ ഉപയോഗശൂന്യം; മാലിന്യം, പായൽ; ദുര്‍ഗന്ധം

കാലവര്‍ഷം പെയ്തിറങ്ങുമ്പോഴും തിരുവല്ല പെരിങ്ങരയിലെ തോടുകള്‍ ഉപയോഗശൂന്യം. മാലിന്യവും, പായലും, പോളയും നിറ‍ഞ്ഞതോടെ വെള്ളത്തില്‍നിന്ന് ദുര്‍ഗന്ധവും വമിച്ചുതു‌ടങ്ങി. ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം നാ‌‌‌‌‌ട്ടുകാര്‍ ശക്തമാക്കി.  

കാലവര്‍ഷത്തില്‍ നിറഞ്ഞൊഴുകേണ്ട പെരിങ്ങരയിലെ തോട് ഇപ്പോള്‍ നിശ്ചലമാണ്. പായലും പോളയും നിറഞ്ഞതോടെ തോടും അതിലെ വെള്ളവും കാണാന്‍പോലും ആകാത്ത സ്ഥിതിയിലായി. മൂന്നുവര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്ത് അനുവദിച്ച പണം ഉപയോഗിച്ച് തോടിന്‍റെ ആഴംകൂട്ടിയിരുന്നു. എന്നാല്‍ , പിന്നാലെയുള്ള മഴയ്ക്ക് കരയ്ക്കുകൂട്ടിയിട്ട മണ്ണ് വീണ്ടും തോട്ടിലേക്കൊഴുകി. പിന്നാലെ പായലും പോളയും നിറഞ്ഞു. പ്രളയത്തില്‍ മണ്ണ് വീണ്ടും വന്നടിഞ്ഞതോടെ തോട് നാമാവശേഷമായി.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ കാര്‍ഷിക–ഗാര്‍ഹിക ആവശ്യങ്ങള്‍ക്കെല്ലാം തോ‌ട്ടിലെ വെള്ളം നാട്ടുകാര്‍ ഉപയോഗിച്ചിരുന്നു. മാലിന്യംനിറഞ്ഞ് ദുര്‍ഗന്ധവും വമിക്കാന്‍ തുടങ്ങിയതോടെയാണ് പൂര്‍ണമായി ഉപയോഗശൂന്യമായത്. പെരിങ്ങര പാലംമുതല്‍ ചാത്തങ്കരി തോടുമായി ചേരുന്ന ഭാഗംവരെ മുളകള്‍ കെട്ടിക്കിടക്കുന്നതും നീരൊഴുക്ക് നിലയ്ക്കാന്‍ കാരണമായിട്ടുണ്ട്. വേണ്ടത്ര പരിഗണന ലഭിക്കാതെ പോയാല്‍, മറ്റൊരു ജലവാഹിനികൂടി ചരിത്രമാകുമെന്ന മുന്നറിയിപ്പാണ് നാട്ടുകാര്‍ നല്‍കുന്നത്. ‌