ജീവൻരക്ഷാ പരിശീലനവുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം; ആദ്യഘട്ടം തിരുവല്ലയിൽ

അടിയന്തിര സാഹചര്യങ്ങളിലെ ജീവൻരക്ഷാ പരിശീലനവുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം. തിരുവല്ലയിൽ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി. വിദ്യാര്‍ഥികളെ അടിയന്തിര ചികിൽസാ രീതികൾ പഠിപ്പിക്കുകയാണ് ലക്ഷ്യം.

അടിയന്തിര സാഹചര്യങ്ങളിൽ ചികിൽസ കിട്ടാതെ ജനങ്ങൾ  മരിക്കുന്ന സാഹചര്യമൊഴിവാക്കാനാണ് അവബോധവും പരിശീലനവുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. അപകടങ്ങൾ, ഹൃദായാഘാതം, അബോധവാസ്ഥയിലാകുക തുടങ്ങിയ സാഹചര്യങ്ങളിൽ എടുക്കേണ്ട ശാസ്ത്രീയ പ്രാഥമിക ചികിൽസാ രീതികളെക്കുറിച്ചാണ് പരിശീലനം. പരിശീലനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളുമുണ്ടാകും. പരിശീലനം നേടിയവരെ ഗൂഗിൾ മാപ്പുമായി ബന്ധിപ്പിച്ച് ശൃംഖലയ്ക്ക് രൂപം നൽകും. തിരുവല്ല സെന്‍റ് മേരീസ് ബിഎഡ് കോളേജിലെ വിദ്യാര്‍ഥിനികൾക്ക് അഞ്ചുദിവസത്തെ പരിശീലനവുമായി പദ്ധതി സബ് കലക്ടർ ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കൽ കോളജ് ആശുപത്രിയുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

മൂന്നൂദിവസത്തെ ക്ലാസുകളും അതിനുശേഷം ചെറിയ ബാച്ചുകളായി തിരിച്ച് രണ്ടുദിവസം ആശുപത്രിയിൽ പ്രായോഗിക പരിശീലനവുമാണ് സജ്ജീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികൾക്കുപിന്നാലെ തിരുവല്ലയിലെ റസിഡൻറ് അസോസിയേഷനുകൾക്കും പരിശീലനം നൽകും. പദ്ധതി ജില്ലയിൽ വ്യാപകമാക്കുന്നതിനായി കൂടുതൽ ആശുപത്രികളെ പങ്കാളിയാക്കുമെന്നും അധികൃതർ അറിയിച്ചു.