കനത്ത മഴ; പീഡിയാട്രിക് ഐസിയുവിൽ വെളളം കയറി

കനത്ത മഴയില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് ഐസിയുവിൽ വെളളം കയറി. മൂന്ന്  നവജാത ശിശുക്കൾ ഉൾപ്പെടെ  ആറ് കുട്ടികളെ മറ്റിടങ്ങളിലേയ്ക്ക് മാറ്റി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വേയ്സ്ററ് കുളം നിറഞ്ഞൊഴുകി കെ എസ് ഇ ബി സബ്സ്റ്റേഷനില്‍ വെള്ളം കയറിയതോടെ  അരമണിക്കൂറോളം വൈദ്യുതി വിതരണം നിര്‍ത്തിവച്ചു.  

എസ്എടിയുടെ മുകള്‍നിലയില്‍ നിര്‍മ്മാണം നടക്കുന്ന ഭാഗത്ത് നിന്നാണ് വെള്ളം പീഡിയാട്രിക് ഐ സിയുവിലേയ്ക്ക് ഒഴുകിയെത്തിയത്.   ഐസിയുവിൽ വെള്ളം നിറഞ്ഞതോടെ വെന്റിലേറ്ററിലായിരുന്ന മൂന്ന് കുട്ടികളടക്കം ആറ് പേരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ചുവരിലൂടെ വെളളം ഒഴുകിയിറങ്ങിയതോടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുമോയെന്ന ഭീതിയുമുയര്‍ന്നു. കെട്ടിടത്തിന്റെ മുകള്‍ഭാഗം മറച്ചിരുന്ന ഷീറ്റ് കാറ്റില്‍ പറന്നു പോയി. തൊട്ടടുത്ത് ആശുപത്രി വേയ്സ്റ്റുകള്‍ തള്ളുന്ന കുളത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയതോടെയാണ് നിറഞ്ഞൊഴുകിയത്. വേയ്സ്റ്റ് വെളളം പുറത്തേയ്ക്കു തള്ളുന്ന പൈപ്പും അടഞ്ഞതോടെ തൊട്ടടുത്ത സബ്സ്റ്റേഷനില്‍ മലിനജലം നിറഞ്ഞു. വെള്ളം അപകടകരമായ വിധത്തില്‍ ഉയര്‍ന്നതോടെ വൈദ്യുതി വിതരണം നിര്‍ത്തിവച്ചു.ജെ സി ബിയെത്തിച്ച് മാലിന്യങ്ങള്‍ നീക്കി വെളളം പുറത്തേയക്ക് ഒഴുക്കിയതോടെ  വിതരണം പുനസ്ഥാപിച്ചു. ദിവസങ്ങളായി കുളം നിറഞ്ഞു വരുന്നത് ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മഴ കനക്കുംമുമ്പ്  ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ നടത്തിയില്ലെങ്കില്‍  ആശുപത്രി കോംപൗണ്ടില്‍ വെളളപ്പൊക്ക ഭീഷണി തുടരും.