കൂട്ടംപേരൂര്‍ ആറിന്റെ രണ്ടാംഘട്ട നവീകരണത്തിന് തുടക്കം

ചെങ്ങന്നൂര്‍ കൂട്ടംപേരൂര്‍ ആറിന്റെ രണ്ടാംഘട്ട നവീകരണത്തിന് തുടക്കമായി. നബാര്‍ഡിന്റെ സഹായത്തോടെ നാലുകോടി രൂപ ചെലവിലാണ് നവീകരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് സജി ചെറിയാന്‍ എം.എല്‍.എയാണ് പദ്ധതി ഉദ്ഘാടനംചെയ്തത്. 

മാലിന്യംനിറഞ്ഞ് ഒഴുക്ക് നിലച്ചുപോയ കുട്ടംപേരൂർ ആറിനെ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയാണ് വീണ്ടെടുത്തത്. ആലപ്പുഴ ജില്ലയിലെ ബുധനൂർ പഞ്ചായത്തിൻറെ നേതൃത്വത്തിൽനടന്ന ഈ പ്രവർത്തനം രാജ്യത്തിനുതന്നെ മാതൃകയാവുകയും ചെയ്തിരുന്നു. ഈ പദ്ധതിയുടെ രണ്ടാംഘട്ടമാണ് തിരക്കിട്ട് സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനംമൂലം പ്രവർത്തനം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് തിരക്കിട്ട് നിർമാണം തുടങ്ങുന്നതെന്ന് സജി ചെറിയാൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ഒഴിവാക്കുന്നതിനായി പരിപാടിക്കെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന മന്ത്രിമാർ പിൻമാറുകയും ചെയ്തു. 

ആറിൻറെ ആഴവും വീതിയും വർധിപ്പിക്കുന്ന ജോലികളാണ് രണ്ടാംഘട്ട നവീകരണത്തിൽ നടത്തുന്നത്. സർവേ നടത്തി ആറ്റുപുറന്പോക്ക് നേരത്തേതന്നെ തിരിച്ചിരുന്നു. ഇരുകരകളിലും നിർമിക്കുന്ന ജൈവപാർക്കിനുള്ള വൃക്ഷത്തൈകൾ വനംവകുപ്പിൻറെ സാമൂഹിക വനവൽക്കരണ വിഭാഗം ലഭ്യമാക്കും. പള്ളിയോടങ്ങളുടെ സഞ്ചാരത്തിനുംമറ്റും തടസമായിരുന്ന ഉളുന്തിയിലെ പാലത്തിനുപകരം പുതിയപാലം നിർമിക്കുന്നതിന് അനുമതിയായതായും സജി ചെറിയാൻ പറഞ്ഞു.