അപ്പര്‍കുട്ടനാട്ടിൽ വ്യാപക വരിനെല്ല് ബാധ

അപ്പര്‍കുട്ടനാട്ടിലെ പാടങ്ങളില്‍ വരള്‍ച്ചയ്ക്ക് പിന്നാലെ വ്യാപക വരിനെല്ല് ബാധ. വരിനെല്ല് വ്യാപിച്ചതോടെ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍ .

അപ്പര്‍കുട്ടനാട്ടിലെ നിരണം പഞ്ചായത്തില്‍പ്പെട്ട പാടശേഖരങ്ങളിലാണ് വരിനെല്ലിന്‍റെ ആക്രമണം രൂക്ഷമായിരിക്കുന്നത്. നെല്ലിന് രണ്ടുമാസത്തോളം പ്രായമായപ്പോഴാണ് വരിനെല്ല് ദൃശ്യമായത്. 

നെല്ലിനോട് രൂപസാദൃശ്യമുള്ള കളയാണ് വരിനെല്ല്. നെല്ലിനേക്കാള്‍ ഉയരത്തില്‍ വളരുകയും നെല്‍ച്ചെടികളെ ഞെരുക്കിക്കളയുകയുമാണ് ഇവ ചെയ്യുന്നത്. മുന്‍വര്‍ഷങ്ങളിലൊന്നും ഉണ്ടാകാത്തതുപോലെ സ്ഥിതി രൂക്ഷമാണെന്ന് കര്‍ഷകര്‍ പറയുന്നു.

നൂറുകണക്കിന് ഏക്കര്‍ പാടത്തെ പ്രശ്നമായതിനാല്‍ ഫലപ്രദമായ പരിഹാരം നിര്‍ദേശിക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞില്ല. പാടങ്ങളില്‍ ആവശ്യത്തിന് വെള്ളമെത്തിക്കാന്‍ കഴിയാതിരുന്നതാണ് വരിനെല്ലിന്‍റെ വളര്‍ച്ച ത്വരിതപ്പെടുത്തിയതെന്ന് കര്‍ഷകര്‍ പറയുന്നു.

 അടുത്തകൃഷിക്ക് മുന്‍പ് പാടം ഒരുക്കിയതിനുശേഷം വരിനെല്ലിന് മുളയ്ക്കാന്‍ അവസരം നല്‍കി, അത് നശിപ്പിച്ചതിനുശേഷം കൃഷിയിറക്കുകയാണ് പോംവഴിയെന്നാണ് കൃഷിവകുപ്പിന്‍റെ നിര്‍ദേശം.