ബിഷപ് ജെറോം എം.ഫെര്‍ണാണ്ടസ് ദൈവദാസ പദവിയിലേക്ക്

കൊല്ലം രൂപതയുടെ മുന്‍ ബിഷപ് ജെറോം എം.ഫെര്‍ണാണ്ടസ് ദൈവദാസ പദവിയിലേക്ക്. പ്രഖ്യാപനം സംബന്ധിച്ച രൂപത ബിഷപ്പിന്റെ ഇടയലേഖനം നാളെ പള്ളികളില്‍ വായിക്കും. കൊല്ലം രൂപതയില്‍ നിന്ന് ദൈവദാസ പദവിയിലെത്തുന്ന രണ്ടാമത്തെ ബിഷപ്പാണ് ജെറോം എം.ഫെര്‍ണാണ്ടസ്.  

കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്നു ജെറോം എം.ഫെര്‍ണാണ്ടസ്. 1937ൽ, 36–ാമത്തെ വയസിൽ മെത്രാനായി ചുമതലയേറ്റ അദ്ദേഹം 41 വർഷം ആ സ്ഥാനത്തു തുടർന്നു. ആധ്യാത്മിക മേഖലയ്ക്ക് പുറമേ കൊല്ലത്തിന്റെ വിദ്യാഭ്യാസ,സാമൂഹിക, സാംസ്കാരിക മേഖലയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കി ബിഷപ് ജെറോം. 1992 ഫെബ്രുവരി 26ന് അദ്ദേഹം കാലം ചെയ്തു.  27–ാം ചാരമ വർഷികത്തിലാണ്  ബിഷപ് ജെറോം എം.ഫെര്‍ണാണ്ടസിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തുന്നത്.

ഞായറാഴ്ച്ച വൈകിട്ട് തങ്കശേരി കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന കൃതജ്ഞതാബലിയില്‍ രുപതാ മെത്രാന്‍ പോള്‍ ആന്റണി മുല്ലശേരി ബിഷപ് ജെറോം എം.ഫെര്‍ണാണ്ടസിനെ ദൈവദാസ പദവിയിേലക്ക് ഉയര്‍ത്തിക്കൊണ്ടുള്ള റോമില്‍ നിന്നുള്ള പ്രഖ്യാപനം വായിക്കും.  ബിഷപ് ജെറോമിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന നടപടികളുടെ തുടക്കമാണ് ദൈവദാസ പദവി. കൊല്ലം രൂപത മുന്‍ ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറിനെ നേരത്തെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു.