മലയോരമേഖലയില്‍ വാനരശല്യം രൂക്ഷം

വീടിനു മുകളിൽ കുരങ്ങന്റെ വിഹാരം

തിരുവനന്തപുരത്ത് മലയോരമേഖലയില്‍ വീടുകള്‍ക്ക് നാശനഷ്ടം വരുത്തി കുരങ്ങന്‍മാര്‍. വെള്ളറടയില്‍ കുരങ്ങന്‍മാരുടെ ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്ന വീട് കഴിഞ്ഞദിവസം മഴയില്‍ നിലംപൊത്തി. കാട്ടുപന്നികള്‍ കൂടി കൃഷിയിടത്തില്‍ ഇറങ്ങിയതോടെ കര്‍ഷകര്‍ ദുരിതത്തിലായി.

വെള്ളറട മണലി സ്വദേശി ഷാജിയുടെ വീടാണിത്. മാതാപിതാക്കള്‍ മരിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന ഷാജി മിക്കദിവസവും ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ കാണുന്നത് കേടുപാടുപറ്റിയ മേല്‍ക്കൂരയാണ്. വീടിന് സമീപത്തുള്ള തെങ്ങുകളില്‍ കയറി തേങ്ങ പറിച്ച് വീടിന് മുകളിലേക്ക് എറിയുന്നതാണ് കുരങ്ങന്‍മാരുടെ വിനോദം. പലതവണ മേല്‍ക്കൂരമാറ്റി. ഒടുവില്‍ ഓടിന് മുകളില്‍ ടാര്‍പോളിന്‍ ഇട്ടെങ്കിലും അതും നശിപ്പിച്ചു.

വീടിന് മുകളിലെ വാട്ടര്‍ ടാങ്കുകളിലിറങ്ങി കുരങ്ങന്‍മാര്‍ കുളിക്കാന്‍ തുടങ്ങിയതോടെ ടാങ്കിന് മുകളില്‍ വലിയ കല്ലുകള്‍ കയറ്റിവച്ച് സംരക്ഷിച്ചിരക്കുകയാണ് നാട്ടുകാര്‍. വാനരന്‍മാര്‍ കൂട്ടമായിറങ്ങി ചക്കയും മാങ്ങയും എല്ലാം കാലിയാക്കി. കാട്ടുപന്നിയുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. വാനരന്‍മാരെ തുരത്താന്‍ കൂട്ടായ്മ രൂപീകരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.