വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ചു; കംബോഡിയയില്‍ നിന്നും യുവാക്കൾ നാട്ടിലേക്ക്

കംബോഡിയയില്‍ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവാക്കള്‍ നാട്ടിലേക്ക്. എംബസി ഉദ്യോഗസ്ഥരെത്തി ഇരുവരേയും മോചിപ്പിച്ചു. യുവാക്കള്‍ ഇന്ന് അര്‍ധരാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും.

കൊല്ലം പുത്തൂര്‍ സ്വദേശി വില്‍സണ്‍ രാജും കുണ്ടറക്കാരന്‍ സജീവുമാണ് കംബോഡിയയില്‍ വീട്ടു തടങ്കലില്‍ കഴിഞ്ഞിരുന്നത്. പുത്തൂര്‍ സ്വദേശി പാട്ടത്തിനെടുത്തു നടത്തിയിരുന്ന റബർ ഫാക്ടറിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞമാസം പതിനെട്ടിനു ഫാക്ടറി കത്തിനശിച്ചു. സംഭവത്തിനുശേഷം പുത്തൂർ സ്വദേശി ഒളിവില്‍ പോയി. പാട്ടക്കാരന്‍ മടങ്ങിയെത്തി നഷ്ടപരിഹാരം നല്‍കാതെ യുവാക്കളെ മടക്കിഅയക്കില്ലെന്ന് ഫാക്ടറി ഉടമായ കംബോഡിയക്കാരന്‍ നിലപാടെടുത്തു.

യുവാക്കളുടെ ബന്ധുക്കള്‍ നോര്‍ക്കയ്ക്കും വിദേശകാര്യമന്ത്രാലയത്തിനും പരാതി നല്‍കി. കേന്ദ്രമന്ത്രി സുഷമാസ്വരാജ് പ്രശ്നത്തില്‍ ഇടപെട്ടു. മോചിതരായ യുവാക്കള്‍ക്ക് ബന്ധുക്കളാണ് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് അയച്ചു കൊടുത്തത്.