മാക്കുളം പാലത്തിലൂടെ ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം

നിര്‍മാണം പൂര്‍ത്തിയായ കൊല്ലം പത്തനാപുരം മാക്കുളം പാലത്തിലൂടെ ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബസ് സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും എല്ലാം പഴയപടി തുടരുകയാണ്.

  പിറവന്തൂര്‍ പഞ്ചായത്തിലെ നിരവധി സ്ഥലങ്ങളെ പത്തനാപുരവുമായി ബന്ധിപ്പിക്കുന്ന പാതയിലാണ് മാക്കുളം പാലം. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച പാലം പണി പൂര്‍ത്തിയായിട്ട് രണ്ടു മാസത്തോളമായി. അനുബന്ധ റോഡ‍ിന്റെ നിര്‍മാണം കഴിഞ്ഞില്ലെങ്കിലും ലോറി അടക്കമുള്ള വാഹനങ്ങള്‍ പാലത്തിലൂടെ കടത്തിവിടുന്നുമുണ്ട്. എന്നാല്‍ ബസ് സര്‍വീസിന് മാത്രം ഇതുവരെ പൊതുമരാമത്ത്്വകുപ്പ് അനുമതി നല്‍കിയിട്ടില്ല.

പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പ് കെഎസ്ആര്‍ടിസി അടക്കം പത്തു ബസ് ഈ വഴി സര്‍വീസ് നടത്തിയിരുന്നു. ബസ് സര്‍വീസ് ആരംഭിക്കാത്തത് മൂലം കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കേണ്ട ഗതികേടിലാണ് പിറവന്തുരിലെ നൂറുകണക്കിനാളുകള്‍.