കേരളത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം പ്രതിസന്ധിയിൽ

കേരളത്തിലെ ഏറ്റവും വലിയ മല്‍സ്യകന്യക ശില്‍പം പ്രതിസന്ധിയുടെ വലയില്‍ കുരുങ്ങി. കായംകുളത്ത് നിര്‍മാണം തുടങ്ങിയ ശില്‍പത്തിനാണ് ആവശ്യമായ ഫണ്ട് ലഭിക്കാതെ വന്നത്. ഇതോടെ സ്വന്തം കയ്യില്‍നിന്ന് പണംമുടക്കിയ ശില്‍പി കടത്തില്‍ മുങ്ങിനില്‍ക്കുകയാണ്. ഇരുപത്തിയാറ് അടി ഉയരവും മുപ്പത്തിനാല് അടി വീതിയുമുള്ളതാണ് കായംകുളത്ത് കായലിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന മല്‍സ്യകന്യക ശില്‍പം. പൂര്‍ണമായും കോണ്‍ക്രീറ്റിലാണ് നിര്‍മാണം. ആറര ലക്ഷം രൂപയാണ് ശിൽപത്തിന്റെ പൂർത്തീകരണത്തിന് സർക്കാർ അനുവദിച്ചത് എന്നാൽ നിർമാണം പുരോഗമിച്ചു വരവേ ഇത് പതിനാലു ലക്ഷത്തിലേക്കെത്തി. തുടർന്ന് പണി നിർത്തിവെക്കേണ്ടിവന്നു. 

പിന്നീട് ശില്പി ജോൺസ് കൊല്ലുകടവ് തന്നെ മുൻകൈയിട്ടു നിർമ്മാണം തുടങ്ങി. ഇതിനായി തന്റെ വീട് പണയപ്പെടുത്തി. ഉണ്ടായിരുന്ന ബൈക്ക് പോലും വിറ്റ് പണം കണ്ടെത്തേണ്ടി വന്നു. കായംകുളം എം.എല്‍.എ യു.പ്രതിഭയും ടുറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഉറപ്പെല്ലാം മറ്റൊരു കരിങ്കല്‍ ശില്‍പംപോലെ ഉറച്ചുപോയെന്നാണ് ശില്‍പിയുടെ സങ്കടം