പത്തുരൂപ നല്‍കിയാല്‍ ഇനി പാതിരാമണലിലെത്താം

പത്തുരൂപ നല്‍കിയാല്‍ ഇനി പാതിരാമണലിലെത്താം . സംസ്ഥാനജലഗതാഗത വകുപ്പാണ് ആലപ്പുഴയിലെ പാതിരാമണല്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ സ്പെഷ്യല്‍ബോട്ട് സര്‍വീസ് തുടങ്ങിയത്. ഇതോടെ സ്വകാര്യബോട്ടുകളില്‍ വന്‍തുക ഈടാക്കി നടത്തേണ്ട യാത്രകളില്‍നിന്നാണ് സഞ്ചാരികള്‍ക്ക് മോചനമാകുന്നത്

ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണെങ്കിലും പാതിരാമണല്‍ ദ്വീപിലേക്കുള്ള യാത്ര ചെലവേറിയതായിരുന്നു. സ്വകാര്യ മേഖലയിലുള്ള ഹൗസ് ബോട്ടുകളും സ്പീഡ് ബോട്ടുകളുമല്ലാതെ മറ്റു യാത്രാ മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ചെലവു കൂടിയ ഈ മാര്‍ഗങ്ങളിലൂടെ പാതിരാമണല്‍ സന്ദര്‍‍ശിക്കാന്‍ കഴിയാത്തവര്‍ക്കാണ് ജലഗതാഗത വകുപ്പിന്റെ ഈ സ്പെഷ്യല്‍ബോട്ട്.  42 പേരടങ്ങുന്ന ഒരു സംഘത്തിന് പാതിരാമണലിലേക്ക് പോകാന്‍ വെറും 420 രൂപ മതി.  അതായത് ഒരാള്‍ക്ക് പത്തുരൂപമാത്രം. മുഹമ്മ ബോട്ട് ജെട്ടിയില്‍നിന്നാണ് പ്രത്യേക സര്‍വീസ്. 42 പേരില്‍ കുറവുള്ള സംഘമാണെങ്കിലും കുറഞ്ഞ തുകയായ 420 രൂപ നല്‍കണം. യാത്രക്കാര്‍ പറയുന്ന സമയത്ത് അവരെ തിരികിയെത്തിക്കാനും ഇതേ നിരക്കില്‍ ബോട്ട് നല്‍കും. സഞ്ചാരികളുടെ താല്പര്യമനുസരിച്ച്  മുഹമ്മയിലേക്കോ കുമരകത്തേക്കോ എത്തിക്കും. പക്ഷിനിരീക്ഷകരുടെയും കായലിനു നടുവിലെ സ്വാഭാവിക വനസൗന്ദര്യം ആസ്വദിക്കാന്‍ താല്പര്യമുള്ളവരുടെയും ഇഷ്ട കേന്ദ്രങ്ങളാണ് പാതിരാമണല്‍ ദ്വീപും കുമരകം പക്ഷിസങ്കേതവും. പക്ഷേ ദ്വീപിലിപ്പോഴും സൗകര്യങ്ങള്‍ കുറവാണെന്നുമാത്രം

പുതിയ സര്‍വീസ് തുടങ്ങിയതിനു ശേഷം ആദ്യമാസം ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ വര്‍ദ്ധനയാണ് മുഹമ്മ ബോട്ടുജെട്ടിക്ക് ഉണ്ടായത്.  വേനലവധിയായതിനാല്‍ വിദ്യാര്‍ഥികളുടെ വിനോദയാത്രക്കും ഏറെ ഉപകാരപ്രദമാണ് ജലഗതാഗത വകുപ്പിന്റെ ഈ സൗകര്യം. കുമരകം - മുഹമ്മ പതിവ് സര്‍വീസുകള്‍ മുടക്കാതെയാണ് ദ്വീപിലേക്കു വിനോദ സഞ്ചാരികളുമായുള്ള ബോട്ട് യാത്ര.