അടൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടികൂടി

പത്തനംതിട്ട അടൂരില്‍ എട്ടുലക്ഷംരൂപവിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പൊലീസ് പിടികൂടി. വാഹനപരിശോധനക്കിടെയാണ് ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നെല്ലിമുകള്‍ സ്വദേശി സുകു.പി.കോശി, കുന്നിക്കോട് സ്വദേശി വിനീത് എന്നിവരാണ് പിടിയിലായത്. ഏഴുചാക്കുകാളിലായി നിറച്ച പതിനായിരത്തിഅഞ്ഞൂറോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വിപണിയില്‍ ഏകദേശം എട്ടുലക്ഷം രൂപവിലമതിക്കുന്നവായാണ് ഇവ. പറക്കോട് ഭാഗത്തുനിന്ന് അടൂരിലേക്ക് വരുംവഴി പോലീസിന്റെ പിടിയിലാവുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് എത്തിക്കുന്ന ഇവ അടൂരില്‍ വന്‍തോതില്‍ വില്‍പന നടത്തുന്നുണ്ട്. സ്കൂള്‍കുട്ടികളും, കോളജ് വിദ്യാര്‍ഥികള്‍ക്കുമാണ് ഇവ വില്‍പ്പന നടത്തുന്നത്.

അടൂര്‍ പ്രദേശത്ത് അടുത്തിടെയായി നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടേയും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടേയും വില്‍പ്പന വ്യാപകമാണ്. എന്നിട്ടും ഇക്കാര്യങ്ങളില്‍ ഇടപെടേണ്ട എക്സൈസ് നിര്‍ജീവമാണെന്ന് നാട്ടുകാര്‍ അരോപിക്കുന്നു.  പേരിനുപോലും എക്സൈസ് പരിശേധന നടത്തുന്നില്ലെന്നും ആക്ഷപമുണ്ട്. പൊലീസ് നടത്തുന്ന വാഹനപരിശോധനക്കിടെയാണ് പലപ്പോഴും ലഹരിമരുന്ന് വില്‍പ്പനസംഘങ്ങള്‍ പിടിയിലാകുന്നത്.