കൊല്ലം അഞ്ചൽ ബൈപാസിനെതിരെ പ്രതിഷേധം ശക്തം

പതിനഞ്ച് വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്ത കൊല്ലം അഞ്ചല്‍ ബൈപാസ് നിര്‍മാണത്തിനെതിരെ പ്രതിഷേധം ശക്തം. മനോരമ ന്യൂസ് നാട്ടുകൂട്ടത്തിലാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നത്. ബൈപാസ് നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാകുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.ഐ നേതാവും ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ.എന്‍.വാസവന്‍ പറ​ഞ്ഞു. നാട്ടുകൂട്ടം മനോരമ ന്യൂസില്‍ ഇന്ന് വൈകിട്ട് 5.30ന് കാണാം.

വര്‍ഷം പതിനഞ്ചായിട്ടും അഞ്ചല്‍ ബൈപാസ് നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതിന് സര്‍ക്കാര്‍ സംവിധാനത്തിനെതിരേ രൂക്ഷമായ പ്രതികരണങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നവന്നത്. ആര്‍ക്കും മനസിലാകാത്ത ന്യായങ്ങളാണ് ബൈപാസ് യാഥാര്‍ഥ്യമാക്കേണ്ടവര്‍ ഉന്നയിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നു. 

യു.ഡി.എഫ് കാലത്ത് പിന്‍തുണ കിട്ടാതിരുന്നതും ഇപ്പോള്‍ പാറയുടെയും മണ്ണിന്റെയും അഭാവമാണ് നിര്‍മാണത്തിന് പ്രതിസന്ധിയാതെന്ന് സി.പി.ഐ നേതാവ് വാസവന്‍ പറഞ്ഞു. 2019 മാര്‍ച്ചോടെ ബൈപാസ് യാഥാര്‍ഥ്യമാകുമെന്നാണ് ഭരണപക്ഷത്തിന്റെ വാഗ്ദാനം. രാഷ്ട്രീയ ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും അപ്പുറം പദ്ധതി യാഥാര്‍ഥ്യമാകേണ്ടതിന്റെ ആവശ്യകതയാണ് ആംബുലന്‍സ് ഡ്രൈവര്‍മാരും ഓട്ടോ ഡ്രൈവര്‍മാരും വ്യാപാരികളും ഉള്‍പ്പെടുന്നവര്‍ പങ്കുവെച്ചത്.