ശബരീശനെ കാണാനെത്തിയ തൃക്കേട്ട തിരുനാളിന് സ്വീകരണം

അയ്യപ്പനെ കാണാനായി എത്തിയ പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധി തൃക്കേട്ട തിരുനാൾ രാജരാജവർമ്മയെ സന്നിധാനത്ത് സ്വീകരിച്ചു. ആചാരപ്രകാരം പമ്പയിൽ തങ്ങിയ രാജപ്രതിനിധി പല്ലക്കിലാണ് സന്നിധാനത്ത് എത്തിയത്. 

ശരണ വഴികളിലൂടെ പല്ലക്കിലേറി വലിയ നടപ്പന്തലിലെത്തിയ രാജപ്രതിനിധിയെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ മാലയിട്ട് സ്വീകരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജപ്രതിനിധിയ്ക്ക് ഉടവാൾ കൈമാറി. 

പതിനെട്ടാം പടിക്ക് താഴെയെത്തിയ രാജപ്രതിനിധിയെ മേൽശാന്തി എ.വി ഉണ്ണികൃഷ്ണൻ നമ്പൂതിരി പലകയിട്ട് കാൽ കഴുകി സ്വീകരിച്ചു. തുടർന്ന് രാജപ്രതിനിധി നാളികേരമുടച്ച് പടി കയറി ഉടവാൾ കൈമാറി അയ്യപ്പദർശനം നടത്തി. ശ്രീകോവിലിൽ കോടിമുണ്ടും കാണിക്കയും സമർപ്പിച്ചശേഷം കന്നിമൂല ഗണപതി യേയും നാഗരാജാവിനേയും തൊഴുത് മാളികപ്പുറത്തേയ്ക്കുപോയി. 20വരെ മാളികപ്പുറത്ത് താമസിക്കും. അയ്യപ്പന്റെ പിതൃതുല്യനായ രാജപ്രതിനിധിക്ക് മാത്രമാണ് 20ന് രാവിലെ ദർശനം. അതിനുശേഷം നടയടക്കും.