മകരവിളക്ക് ഒരുക്കങ്ങളിൽ സംതൃപ്തി : അൽഫോൺസ് കണ്ണന്താനം

കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പമ്പയിലും ശബരിമല സന്നിധാനത്തും സന്ദര്‍ശനം നടത്തി. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന്റെ മുന്നോരുക്കങ്ങളില്‍ മന്ത്രി തൃപ്തി രേഖപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പരിപാടിയില്‍ ഉൾപെടുത്തി ശബരിമലയ്ക്ക് അനുവദിച്ചിട്ടുള്ള 106 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ടെണ്ടര്‍ നടപടികള്‍ ജനുവരി 15 ന് മുൻപ് പൂര്‍ത്തിയാക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 

സ്വദേശി ദര്‍ശന്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തി സന്നിധാനം, പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളിൽ അനുവദിച്ചിട്ടുള്ള 105 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സംബന്ധിച്ചുള്ള കൂടിയാലോചനക്കായാണ് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സന്നിധാനത്ത് എത്തിയത്. ദേവസ്വം അധികൃതരും കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടൊയ്‍ലറ്റ് കോംപ്ലക്സ്, കുടിവെള്ള വിതരണം, വൈദ്യുതികരണം മുതലായവയ്ക്കായാണ് തുക ചിലവഴിക്കുന്നത്. 

അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കുന്ന പദ്ധതികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. പൂര്‍ത്തിയാകുന്ന മുറക്ക് കൂടുതല്‍ തുക അനുവദിക്കും. കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടല്‍, വനഭൂമി വിട്ടുകിട്ടല്‍ മുതലായ വിഷയങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. പമ്പയില്‍ ശുചീകരണ പ്രവര്‍ത്തനത്തിലും അല്‍ഫോണ്‍സ് കണ്ണന്താനം പങ്കെടുത്തു.