ചെര്‍പ്പുളശ്ശേരിയില്‍ എട്ടര കിലോ ചന്ദനം പിടിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

പാലക്കാട് ചെർപ്പുളശ്ശേരിയിൽ ചന്ദനം കൈമാറുന്നതിനിടെ മൂന്ന് യുവാക്കൾ വനം വകുപ്പിന്‍റെ പിടിയിലായി. ഇവരിൽ നിന്ന് എട്ടര കിലോ ചന്ദനം പിടിച്ചെടുത്തതായി ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തെ ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന.

കുളപ്പുള്ളി സ്വദേശികളായ വിഷ്ണുദാസ്, അഭിലാഷ്, രാജേഷ് എന്നിവരാണു പിടിയിലായത്. ചെർപ്പുളശ്ശേരി തൂത വീട്ടിക്കാട് ഭാഗത്തു നിന്നു മുറിച്ച ചന്ദനം വിഷ്ണുദാസും അഭിലാഷും ചേർന്നു രാജേഷിനു വിൽക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്. 

തിരുവനന്തപുരത്തെ ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധനയും നടപടിയും. ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഒ ജയപ്രകാശ്, സ്ക്വാഡ് റേഞ്ച് ഓഫിസർ സനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്. കേസിൻ്റെ തുടരന്വേഷണ ചുമതല ഒറ്റപ്പാലം റേഞ്ച് ഓഫിസർ കെ.പി.ജിനേഷിനു കൈമാറി. മൂവരെയും ഇന്നു കോടതിയിൽ ഹാജരാക്കും. സംഘം നേരത്തെയും സമാന രീതിയിലുള്ള ഇടപാട് നടത്തിയതായി വിവരമുണ്ട്. മൂവരുടെയും ഫോൺ വിളി രേഖകൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം വിപുലമാക്കുന്നതിനാണ് വനം വകുപ്പ് തീരുമാനം.