അനുമതിയില്ലാതെ സ്വകാര്യഭൂമിയിലെ മണ്ണിടിച്ച് കടത്തുന്നു; പരാതി

അട്ടപ്പാടി മുക്കാലിയില്‍ അനുമതിയില്ലാതെ സ്വകാര്യഭൂമിയിലെ മണ്ണിടിച്ച് കടത്തുന്നതായി പരാതി. സൈലന്റ് വാലി ബഫര്‍സോണിലെ കുന്നിടിക്കല്‍ ഉദ്യോഗസ്ഥരുടെ സഹായത്താലെന്നാണ് ആക്ഷേപം. പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.  

വീട് നിര്‍മാണത്തിന് മണ്ണ് നീക്കാന്‍ അനുമതി തേടിയാല്‍ തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ മണ്ണ് മാഫിയയെ കൈയ്യയച്ച് സഹായിക്കുന്നുവെന്നാണ് വിമര്‍ശനം. സംരക്ഷിത മേഖലയിലാണെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് മെല്ലെപ്പോക്കാണ്. നിരവധി ലോഡ് മണ്ണാണ് ദിവസേന അതിര്‍ത്തി കടന്ന് തൃശൂര്‍ ജില്ലയിലേക്ക് കൊണ്ടുപോവുന്നത്. മതിയായ പരിശോധനയില്ല. യഥേഷ്ടം മണ്ണ് കടത്താമെന്ന അവസ്ഥയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. 

കുന്നിടിയ്ക്കാന്‍ പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നാണ് ഉടമയുടെ വാദം. ഇത് ഏത് വിധേന നേടിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. രേഖകള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്. നടപടി വൈകിയാല്‍ പ്രത്യക്ഷ സമരത്തിനൊപ്പം കോടതിയെ സമീപിക്കാനാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ തീരുമാനം. 

Attappadi complaint