മഫ്ത്തി പൊലിസ് ചമഞ്ഞ് പണം തട്ടല്‍; നാലംഗ സംഘം പിടിയില്‍

മഫ്ത്തി പൊലിസ് ചമഞ്ഞ് പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുന്ന നാലംഗ സംഘം കോഴിക്കോട് അറസ്റ്റില്‍. കോഴിക്കോട് നഗരത്തില്‍ മോഷണം നടത്തിയ ഇവരെ കസബ പൊലിസാണ് അറസ്റ്റു ചെയ്തത്.  

ഇക്കഴിഞ്ഞ ബുധനാഴ്ച ഒമ്പതരക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്  . പാലക്കാട്ടെ ബി.എഡ് വിദ്യാര്‍ഥിയാണ് പരാതികാരന്‍. പാലക്കാട്ടേക്ക് പോകുന്നതിനായി  കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു. ഇതിനിടെ   പുതിയമ്പലത്തേക്കുള്ള റോഡില്‍ വച്ച് ഇയാളെ തടഞ്ഞു നിര്‍ത്തി മഫ്ത്തി പൊലിസാണെന്നു പറഞ്ഞാണ് ബാഗും ദേഹ പരിശോധനയും നടത്തിയത്. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും ഈ നാലംഗ സംഘം കവര്‍ന്നു. തുടന്നു നടത്തിയ അന്വേഷണത്തിലാണ് പെരുമണ്ണ സ്വദേശി മുഹമ്മദ് അന്‍ഷിദ്, ഒളവണ്ണ സ്വദേശി മിഥുന്‍, അരക്കിണര്‍ സ്വദേശി ആസിഫ് റഹ്മാന്‍ , തിരുവല്ല സ്വദേശി അല്‍ അമീന്‍ എന്നിവര്‍ പിടിയിലായത്.

ഇവരില്‍ മൂന്നു പേര്‍ നേരത്തെ വിവിധ കേസുകളില്‍ പ്രതികളാണ്. അന്‍ അമീന്‍ , മുഹമ്മദ്അന്‍ഷിദ് എന്നിവര്‍ പിടിച്ചുപറിക്കേസിലേയും ആസിഫ് റഹ്മാന്‍ കഞ്ചാവ് കേസിലേയും പ്രതിയാണ്.