മാലിന്യസംസ്കരണം പാളി; പാലക്കാട് നഗരസഭയ്ക്ക് 29 ലക്ഷം രൂപ പിഴ

മാലിന്യ സംസ്ക്കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ പാലക്കാട് നഗരസഭയ്ക്ക് 29 ലക്ഷം രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന് കാട്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷവും പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി ബിജെപി ഭരണസമിതിയും പറഞ്ഞു. 

വിവിധ ഇടങ്ങളില്‍ നിന്നായി ഖരമാലിന്യം കൃത്യമായി സംഭരിക്കുന്നുണ്ട്. കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിനായി പണവും ഈടാക്കുന്നു. എന്നാല്‍ ഇത് ശരിയായ രീതിയില്‍ സംസ്ക്കരിക്കാന്‍ സംവിധാനമില്ലെന്നതാണ് വീഴ്ച. ശേഖരിക്കുന്ന മാലിന്യം കൂട്ടുപാതയിലെ മൈതാനത്ത് കൂട്ടിയിട്ട നിലയിലാണ്. മാലിന്യക്കൂന ഒഴിവാക്കി ശാസ്ത്രീയ സംവിധാനങ്ങളിലൂടെ ശുചിത്വം ഉറപ്പാക്കണമെന്നായിരുന്നു മുന്നറിയിപ്പ്. വീഴ്ച ഓര്‍മിപ്പിച്ച് ജൈവ വൈവിധ്യ ബോര്‍ഡിന്റെ മാനദണ്ഡപ്രകാരം നഗരസഭയ്ക്ക് പലവട്ടം മുന്നറിയിപ്പും നല്‍കി. പരിഹാരം വൈകുന്നതിനാലാണ് ഓരോ മാസവും ഒരു ലക്ഷമെന്ന നിലയില്‍ 29 ലക്ഷം രൂപ പിഴ ചുമത്തിയത്. 

അഞ്ച് കോടി രൂപ ചെലവില്‍ ആധുനിക മാലിന്യ സംസ്ക്കരണ പ്ലാന്റ് നിര്‍മിക്കാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം 50 ലക്ഷം രൂപയുടെ ചെറിയ പദ്ധതിയാണ് നിലവില്‍ ലക്ഷ്യമിടുന്നതെന്നും നിലവിലെ പ്രതിസന്ധി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍ അറിയിച്ചു.