അങ്കണവാടി സൗകര്യമില്ലാതെ ആദിവാസി കോളനി; സ്ഥലം പതിച്ച് നൽകാൻ തീരുമാനം വൈകുന്നു

മണ്ണാര്‍ക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ കാരക്കാട് ആദിവാസി കോളനിയിൽ അങ്കണവാടിക്കായി സ്ഥലം പതിച്ച് നല്‍കാനുള്ള തീരുമാനം വൈകുന്നു. റവന്യൂ വകുപ്പിന്റെ മെല്ലെപ്പോക്ക് കാരണം അനുവാദം അകാരണമായി നീളുകയാണ്. കെട്ടിടം നിർമിക്കാൻ അനുവദിച്ച തുക പാഴാകുമെന്ന ആശങ്കയിലാണ് കോളനിക്കാരും ജനപ്രതിനിധികളും. 

കോട്ടോപ്പാടം പഞ്ചായത്തിലെ മേക്കളപ്പാറ കാരക്കാട് ആദിവാസി കോളനിയിൽ അറുപതിലധികം കുട്ടികളുണ്ട്. ഇവർക്ക് അങ്കണവാടി സൗകര്യമില്ല.  കുട്ടികളുടെ ദുരവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സബ് കലക്ടർ അർജുൻ പാണ്ഡ്യൻ കോളനി സന്ദർശിച്ചു. കോളനിയോട് ചേർന്നുള്ള മിച്ചഭൂമിയിൽ നിന്ന് സ്ഥലം അനുവദിക്കാൻ നിർദേശം നൽകി. വില്ലേജ് ഓഫിസര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി രേഖകൾ താലൂക്ക് ഓഫിസിൽ സമർപ്പിച്ചു. താലൂക്ക് ഓഫിസിൽ നിന്ന് കലക്ടറേറ്റിലേക്ക് അയച്ച ഫയൽ മാസങ്ങളോളം മറ്റൊരു സെക്ഷനിൽ കിടന്നു. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ യഥാര്‍ഥ സെക്ഷനിലേക്ക് ഫയല്‍ എത്തിച്ചെങ്കിലും കാലതാമസത്തിന് പരിഹാരമില്ല. കോളനിയോട് ചേർന്ന് 40 സെന്റ് മിച്ചഭൂമിയാണുള്ളത്. സഥലം പഞ്ചായത്തിനു ലഭിക്കുമെന്ന പ്രതീക്ഷയിൽ അങ്കണവാടിക്കായി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 11 ലക്ഷം രൂപയും അനുവദിച്ചു. ഈ തുക പാഴാകുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.