കാലവർഷം കനത്തു; അട്ടപ്പാടിക്കാരുടെ ചുരം യാത്ര ആശങ്കയിൽ

കാലവർഷം കനത്തതോടെ അട്ടപ്പാടിക്കാരുടെ ചുരം വഴിയുള്ള യാത്ര ആശങ്കയില്‍. ഉരുള്‍പൊട്ടലും പാറയും മരങ്ങളും വീണും പതിവാകുന്ന തടസങ്ങളാണ് ആശങ്കയ്ക്ക് കാരണം. ബദൽ റോഡെന്ന ആവശ്യം ഇത്തവണയും യാഥാർഥ്യമായില്ല.

മഴക്കാലം തുടങ്ങുന്നതോടെ അട്ടപ്പാടിക്കാരുടെ ഉള്ളിൽ കനലാണ്. കേരളത്തിൽ നിന്ന് അട്ടപ്പാടിയിലേക്കുള്ള ഏക വഴിയായ അട്ടപ്പാടി ചുരത്തിൽ ഗതാഗതം തടസപ്പെട്ടാൽ ദുരിതം ഇരട്ടിയാകും. പാറ വീണും മരം കടപുഴകിയും ഉരുൾപൊട്ടിയും മണ്ണിടിഞ്ഞുമെല്ലാം യാത്ര മുടങ്ങുന്ന സ്ഥിതിയാണ്. ഗതാഗതം പുനസ്ഥാപിക്കാന്‍ പലപ്പോഴും ദിവസങ്ങള്‍ വേണ്ടിവരും. ജോലിക്കും ആശുപത്രി ഉൾപ്പെടെയുള്ള ആവശ്യങ്ങള്‍ക്കുമായി പ്രതിദിനം മണ്ണാർക്കാട്ടേക്ക് യാത്ര ചെയ്യുന്ന നൂറുക്കണിന് ആളുകളുണ്ട്. ചുരത്തിൽ പലയിടത്തും അപകടകരമായ രീതിയില്‍ പാറകളുണ്ട്.  

ഉണങ്ങി വീഴാറായ മരങ്ങളും കുതിര്‍ന്നു നില്‍ക്കുന്ന മൺതിട്ടകളുമാണ് യാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നത്. അട്ടപ്പാടിക്കാരുടെ യാത്രാ ദുരിതത്തിനു പരിഹാരമായി കാഞ്ഞിരം പൂഞ്ചോല വഴിയും തെങ്കര മെഴുകും പാറ വഴിയും ബദൽ റോഡ് വേണമെന്നാണ് ആവശ്യം. ഇതിനുള്ള ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല.

മണ്ണിടിച്ചിൽ തടയാൻ കുറച്ചു ഭാഗങ്ങളിൽ ഗാബിയോൺ സംരക്ഷണ ഭിത്തി നിർമിച്ചതൊഴിച്ചാൽ മറ്റു പല ഭാഗങ്ങളിലും മണ്ണിടിയാനുള്ള സാധ്യത ഏറെയാണ്. മഴ കനത്തതോടെ പ്രതിരോധത്തിനായി എല്ലാ കരുതലും സ്വീകരിച്ചിട്ടുള്ളതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.