മുഖം മിനുക്കിയെങ്കിലും അപകടക്കെണിയായി പനമരം വലിയ പാലം

പെയിന്റ് അടിച്ച് മുഖം മിനുക്കിയെങ്കിലും പാലത്തിലെ അപകടക്കെണി നീക്കാന്‍ നടപടിയില്ല. വയനാട് പനമരത്തെ വലിയ പാലത്തിലാണ് തുരുമ്പുപിടിച്ച പൈപ്പുകള്‍ അപകടഭീഷണിയാകുന്നത്. കാല്‍നടയാത്രക്കാരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. 

ജില്ലയിലെ ഏറ്റവും പ്രധാന പാലങ്ങളില്‍ ഒന്നാണ് പനമരം പുഴയ്ക്ക് കുറുകെയുള്ള വലിയ പാലം. വിവിധ ആവശ്യങ്ങള്‍ക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൈപ്പുകള്‍ സ്ഥാപിച്ചത്. ഇവ തുരുമ്പെടുത്ത് പൊട്ടിയടര്‍ന്ന് കാലമേറെ കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയല്ല. അതിനാല്‍ നേരെനോക്കാതെ കൈവീശി പാലത്തിലൂടെ നടന്നാല്‍ പരുക്കേല്‍ക്കുമെന്ന് ഉറപ്പ്. 

പൊതുമരാമത്ത് പാലം സെക്ഷന്‍ ജില്ലയിലെ അഞ്ച് പാലങ്ങള്‍ പെയിന്റടിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായാണ് പനമരം പാലവും മുഖംമിനുക്കിയത്. പക്ഷെ അപകടമൊളിക്കുന്ന തുരുമ്പെടുത്ത പൈപ്പുകളുടെ മേലില്‍കൂടിയും പെയിന്റടിച്ച് കണ്ണില്‍പൊടിയിടാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിച്ചത്. പാലത്തിന്റെ പുറംഭാഗത്ത് നടപ്പാലം നിര്‍മിക്കുമെന്ന് പഞ്ചായത്തുള്‍പ്പടെ വര്‍ഷങ്ങള്‍ക്ക് മുന്‍പെ പ്രഖ്യാപിച്ചെങ്കിലും എല്ലാം പറച്ചിലില്‍ ഒതുങ്ങി.