നരസിപ്പുഴ കടക്കാൻ നടപ്പാലം വേണം; 16 വർഷമായി കാത്തിരിപ്പോടെ അമ്മാനിക്കാർ

ഏകയാത്രാമാര്‍ഗമായ നടപ്പാലം അപകടവാസ്ഥയിലായതോടെ ദുരിതത്തിലായി നൂറിലധികം കുടുംബങ്ങള്‍. വയനാട് പനമരം പഞ്ചായത്ത് ആറാം വാര്‍ഡായ അമ്മാനിയില്‍ നരസിപ്പുഴയ്ക്ക് കുറുകെയാണ് പാലമുള്ളത്. 35 വര്‍ഷം മുന്‍പ് നിര്‍മിച്ച പാലം അപകടാവസ്ഥയിലായ ശേഷം നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയില്ല. 

അഞ്ചണ്ണിക്കുന്ന്–പാറവയല്‍–ഓണവയല്‍–അക്കരെ അമ്മാനി റോഡിനിടയിലാണ് അപകടാവസ്ഥയിലുള്ള നടപ്പാലം സ്ഥിതി ചെയ്യുന്നത്. മൂന്ന് ആദിവാസി കോളനികളിലെ താമസക്കാരുടെയും നിരവധി കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും ഏകആശ്രയമാണിത്. കോണ്‍ക്രീറ്റ് പാലം പൂര്‍ണമായും തകര്‍ന്നാല്‍ നാട്ടുകാര്‍ പിന്നീട് ഏറെ ചുറ്റിവളഞ്ഞു യാത്ര ചെയ്യേണ്ടിവരും. 35 വര്‍ഷംമുന്‍പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്താണ് പാലം നിര്‍മിച്ചത്. പിന്നീട് ഉത്തരവാദിത്തപ്പെട്ടവര്‍ തിരിഞ്ഞുനോക്കിയില്ല.

2005 മുതല്‍ പാലത്തിന്റെ ശോചനീയാവസ്ഥയെപ്പറ്റി നാട്ടുകാര്‍ പരാതിപ്പെടുന്നു. 2010ല്‍ പുഴയോരം ഇടഞ്ഞുതുടങ്ങിയതോടെ പാലം അപകടത്തിലായി. ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ മുതല്‍ കലക്ടര്‍ വരെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസം മുളങ്കൂട്ടവും മരവും കടപ്പുഴകിയത് പാലത്തിന്റെ നിലനില്‍പ്പിനെ കൂടുതല്‍ അപകടത്തിലാക്കിയെന്നാണ് നാട്ടുകാരുടെ ആശങ്ക.