ആവശ്യത്തിന് ഈറ്റയില്ല; പരമ്പരാഗത തൊഴിലാളികൾ പ്രതിസന്ധിയിൽ

ഈറ്റ ലഭിക്കാത്തതിനാല്‍ പരമ്പരാഗത തൊഴിലാളികള്‍ പ്രതിസന്ധിയില്‍. ആവശ്യക്കാര്‍ ഏറെയുള്ള ഓണക്കാലത്തും ഈറ്റയുടെ ക്ഷാമം കാരണം വലിയ നഷ്ടമാണ് ഈ തൊഴിലില്‍ അവശേഷിക്കുന്നവര്‍ക്ക് ഉണ്ടായത്. മിക്ക വീടുകളിലെയും മുറവും കുട്ടയുമൊക്കെ പ്ലാസ്റ്റിക്കാണെങ്കിലും ഈറ്റകൊണ്ടുള്ളവയ്ക്ക് ആവശ്യക്കാരുണ്ട്. എന്നാല്‍ ആറുമാസത്തിലധികമായി ബാംബൂ കോര്‍പ്പറേഷനില്‍ നിന്നു പരമ്പരാഗത തൊഴിലാളികള്‍ക്ക് ഈറ്റ ലഭിക്കുന്നില്ല.

157 രൂപയ്ക്കാണ് ഒരു കെട്ട് ഈറ്റ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ക്ക് നല്‍കിയരുന്നത്. സ്വകാര്യ വ്യക്തികളില്‍ നിന്നു വാങ്ങണമെങ്കില്‍ മുന്നൂറ് രൂപയില്‍ അധികം കൊടുക്കണം. അത് തൊഴിലാളികള്‍ക്ക് വലിയ നഷ്ടമാണ്. ഈറ്റവെട്ടുന്നതിന് വനംവകുപ്പ് അനുമതി നല്‍കുന്നില്ലെന്നാണ് ബാംബു കോര്‍പ്പറേഷന്‍ തൊഴിലാളികളോട് പറയുന്നത്. സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ പരമ്പരാഗത കൈത്തൊഴില്‍ മേഖലയില്‍ അവശേഷിക്കുന്നവരും ജോലി ഉപേക്ഷിക്കേണ്ടി വരും.