വിദേശകയറ്റുമതി കുറഞ്ഞു; വാഴക്കർഷകർ കടുത്ത പ്രതിസന്ധിയിൽ

ലോക്ഡൗണിനൊപ്പം വിദേശകയറ്റുമതി കൂടി കുറഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലാണ് മലപ്പുറം മൂന്നിയൂരിലെ വാഴകര്‍ഷകര്‍. ഗള്‍ഫിക്കുളള കയറ്റുമതി ലക്ഷ്യമിട്ട് 

ഗുണമേന്‍മയേറിയ വാഴക്കുലകള്‍ ഉല്‍പാദിപ്പിച്ച കര്‍ഷകര്‍ക്കാണ് കോവിഡ്കാലത്ത് ഇരുട്ടടിയേറ്റത്. 

ഗള്‍ഫ് മാര്‍ക്കറ്റ് ലക്ഷ്യമിടുന്ന വാഴക്കുലക്ക് കിലോയ്ക്ക് 70 രൂപ വരെ ലഭിക്കുമെന്ന ഉറപ്പില്‍ കൃഷിയിറക്കിയവാരാണ് വെട്ടിലായത്. കാലം തെറ്റിയുളള മഴയ്ക്കൊപ്പം ലോക്ഡൗണ്‍ 

കൂടിയെത്തിയത് കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാക്കിയിരുന്നു. കയറ്റുമതി ലക്ഷ്യമിട്ടുളള കൃഷിയായതുകൊണ്ട് വാഴക്ക് പ്രത്യേക പരിചരണവും ആവശ്യമുണ്ട്. ഗള്‍ഫിലേക്കുളള കയറ്റുമതി കുറഞ്ഞതോടെ കിട്ടുന്ന വിലക്ക് വില്‍ക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. വിദേശകയറ്റുമതി സാധ്യത അടഞ്ഞതോടെ പ്രാദേശിക സ്വാശ്രയ സൊസൈറ്റി വഴിയാണ് വാഴക്കുലകള്‍ വിറ്റഴിച്ചിരുന്നത്. ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം ഈ സാധ്യതയും കുറഞ്ഞു. 30 രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൊസൈറ്റി വഴി വിറ്റാലേ ആനുകൂല്യം ലഭ്യമാകൂ. കിലോയ്ക്ക് 25 രൂപയ്ക്ക് മാര്‍ക്കറ്റുകളില്‍ എത്തിച്ച് വില്‍ക്കേണ്ട ഗതികേടിലാണ് കൃഷിക്കാര്‍. വായ്പയെടുത്ത് കൃഷി നടത്തിയ ഒട്ടേറെ കര്‍ഷകര്‍ കടക്കെണിയിലാണ്.