ജനകീയ പ്രതിഷേധത്തിന് വഴങ്ങി നഗരസഭ; തളിപ്പറമ്പ് മാർക്കറ്റ് ശുചീകരിച്ചു

അറവു മാലിന്യങ്ങളും പ്ലാസ്റ്റിക്ക് വസ്തുക്കളും നിറഞ്ഞ കണ്ണൂര്‍ തളിപ്പറമ്പ് മാര്‍ക്കറ്റ് പരിസരം ജനകീയ ഇടപെടലിനെ തുടര്‍ന്ന് ശുചീകരിച്ചു. പകര്‍ച്ചവ്യാധി ഭീഷണിയുണ്ടായിരുന്ന പ്രദേശം നഗരസഭയുടെ നേതൃത്വത്തിലാണ് വൃത്തിയാക്കിയത്. 

തളിപ്പറമ്പ് മാര്‍ക്കറ്റിനു സമീപത്ത് മാലിന്യം നിറഞ്ഞതും ജനജീവിതം ദുരിതത്തിലായതും കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. അറവുമാലിന്യമടക്കം നിറഞ്ഞതിനാല്‍ ദുര്‍ഗന്ധം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധവുമായി എത്തിയതോടെ നഗരസഭ ഇടപെട്ടു. കരുതല്‍ –ജനകീയ ശുചീകരണ പദ്ധതിയുമായി സഹകരിച്ചാണ് വൃത്തിയാക്കിയത്. ശുചീകരണ യജ്ഞത്തോട് മാര്‍ക്കറ്റിലെ തൊഴിലാളികളും വ്യാപാരികളും സഹകരിച്ചു. മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിട്ടു. 

നഗരസഭ അധ്യക്ഷ മുര്‍ഷിദ കൊങ്ങായി ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മാലിന്യം പൂര്‍ണമായും നീക്കം ചെയ്ത് ക്ലോറിനേഷന്‍ നടത്തിയതോടെ പകര്‍ച്ചവ്യാധി ഭീഷണി ഇല്ലാതായി.