വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നു; മലമ്പുഴ ചേമ്പന വാർഡ് പുലി ഭീതിയിൽ

പാലക്കാട് മലമ്പുഴ ചേമ്പനയില്‍ പുലി ശല്യം വര്‍ധിക്കുന്നതായി പരാതി. വളര്‍ത്തുമൃഗങ്ങള്‍ ഇല്ലാതാകുന്നതാണ് ആദിവാസികള്‍ ഉള്‍പ്പെടെയുളളവരെ ദുരിതത്തിലാക്കുന്നത്. മലമ്പുഴ പഞ്ചായത്തിലെ നാലാംവാര്‍ഡ് ചേമ്പന എസ്ടി കോളനിയിലെ നാണമ്മ പറയുന്നത് ഇവിടുത്തെ ജീവിതമാണ്. ആടിനെയും പശുവിനെയുമൊക്കെ വളര്‍ത്തി ഉപജീവനം തേടുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ജീവിക്കാനാകാത്ത അവസ്ഥ. വനമേഖലയോട് ചേര്‍ന്നുളള പ്രദേശത്ത് ഇരുപതിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. കഴിഞ്ഞ രാത്രിയിലും പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു. എത്രയോ പ്രാവശ്യം ആടും പശുവും ഒക്കെ ഇല്ലാതായി. സന്ധ്യയായിക്കഴിഞ്ഞാല്‍ പുറത്തിറങ്ങാനാകുന്നില്ലെന്നാണ് പരാതി. പുലി തന്നെയാണിതെന്നാണ് എല്ലാവരും ആവര്‍ത്തിച്ചു പറയുന്നത്. വിഡിയോ റിപ്പോർട്ട് കാണാം. 

കാട്ടാനശല്യത്തിന് പുറമേയാണ് വാളയാര്‍ മുതല്‍ മലമ്പുഴ വരെയുളള ഭാഗത്ത് പുലി ശല്യവും. കൂട് സ്ഥാപിച്ചും ക്യാറമ വച്ചും പുലിയെ പിടിക്കാന്‍ കഞ്ചിക്കോട് മേഖലയില്‍ വനപാലകര്‍ നേരത്തെ ചില ശ്രമം നടത്തിയിരുന്നു. പക്ഷേ ചേമ്പന മേഖലയില്‍ വനപാലകരുടെ സഹായം ലഭിക്കുന്നില്ലെന്നാണ് ഇവിടെയുള്ളവരുടെ പരാതി. അപേക്ഷയൊന്നും കൊടുക്കാന്‍ അറിയില്ലാത്തതിനാല്‍ വനംവകുപ്പില്‍ നിന്ന് ധനസഹായവും ലഭിക്കുന്നില്ല.