കാലാവസ്ഥാ വ്യതിയാനം: പ്രതിസന്ധിയിലായി തേനീച്ച കര്‍ഷകര്‍

കാലാവസ്ഥ വ്യതിയാനംമൂലം പ്രതിസന്ധിയിലായി വയനാട്ടിലെ തേനീച്ച കര്‍ഷകര്‍. ജില്ലയില്‍ വേനല്‍മഴ വൈകിയതിനാല്‍ ഇത്തവണ തേനെടുപ്പ് താമസിച്ചു. ലോക്ഡൗണ്‍ വിപണിയെയും ബാധിച്ചു. വിഡിയോ റിപ്പോർട്ട് കാണാം. 

വര്‍ഷങ്ങളായി തേനീച്ച വളര്‍ത്തുന്ന കര്‍ഷകനാണ് പുല്‍പള്ളിയിലെ കുര്യന്‍. സാധരണഗതിയില്‍ രണ്ട് തവണ തേനെടുക്കാനുള്ള സമയം കഴിഞ്ഞെങ്കിലും കാലം തെറ്റിയ കാലവസ്ഥ കൃഷിയെ ബാധിച്ചു. ഇക്കൊല്ലം ആദ്യമായാണ് കുര്യന്‍റെ തേനീച്ച കൂടുകളില്‍ തേനെടുപ്പ് നടന്നത്. മറ്റ് കര്‍ഷകരുടെയും സാഹചര്യം സമാനമാണ്. മുന്‍വര്‍ഷങ്ങത്തേക്കാള്‍ പകുതിയായി തേന്‍ ഉത്പാദനം കുറഞ്ഞു. പകല്‍ സമയത്ത് കനത്ത ചൂടും രാത്രിയിലെ അതിശൈത്യവും കലര്‍ന്ന വ്യത്യസ്ത കാലാവസ്ഥ തിരിച്ചടിയായി.

ഡിസംബര്‍ ജനുവരി മാസത്തില്‍ സ്വഭാവികമായി ഇല പൊഴിക്കുന്ന റബര്‍ മരങ്ങള്‍ ഇത്തവണ നേരത്തെ ഇലപൊഴിച്ചത് തേനീച്ചകള്‍ക്ക് തേന്‍ ശേഖരിക്കുന്നതിന് തടസം സൃഷ്ടിച്ചു. പൂമ്പൊടിയുടെ അഭാവം കൂടുകളിലെ പുഴുക്കളുടെ വളര്‍ച്ച കുറച്ചു. കൃഷിവകുപ്പിന്റെ സഹായം ലഭിച്ചില്ലെങ്കില്‍ തേനീച്ച കൃഷി കൂടുതല്‍ ദുസഹമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.