രക്ഷാപ്രവർത്തനം ഏകോപിപ്പിക്കൽ; ഇന്റർ ഏജൻസി ഗ്രൂപ്പ് കണ്‍ട്രോള്‍ റൂം തുടങ്ങി വയനാട്

വയനാട് ജില്ലയിലെ അടിയന്തര സാഹചര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ദുരന്തനിവാരണ അതോറിറ്റിക്ക് കീഴില്‍ ഇന്‍റര്‍ ഏജന്‍സി ഗ്രൂപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കോവിഡ് പ്രതിരോധവും മഴക്കാല മുന്നൊരുക്കവും മുതല്‍ ദുരന്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ വരെ കണ്‍ട്രോള്‍ റൂം ഏകോപിപ്പിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്.

വയനാട് ജില്ലയിലെ അടിയന്തര രക്ഷാപ്രവര്‍ത്തനം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, ദുരന്തലഘൂകരണം എന്നിവയെല്ലാം ഇനി ഇന്‍ര്‍ ഏജന്‍സി ഗ്രൂപ്പ് കണ്‍ട്രോള്‍ റൂം ഏകോപിപ്പിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം. കല്‍പറ്റയിലെ കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രത്യേക പരിശീലനം ലഭിച്ച ടീം അംഗങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. താലൂക്ക്, പഞ്ചായത്ത് തലത്തിലും സേവനം ലഭിക്കും. 

മഴക്കാലത്ത് ദുരന്തസാധ്യത കൂടിയ ജില്ലയില്‍ കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം വിവിധ വകുപ്പുകളുടെ അടിയന്തര ഏകോപനത്തിന് ഉപകരിക്കും. പ്രാദേശികമായി ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അടിയന്തര ഇടപെടലിന് വഴിയൊരുക്കാം. ജില്ല ഏമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍, ദുരന്തനിവാരണ വിഭാഗം എന്നിവയുമായി ബന്ധപ്പെട്ടാകും ഗ്രൂപ്പ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.