3 നീര്‍ച്ചാലുകള്‍ പഴയ പ്രതാപത്തിലേക്ക്; മാലിന്യം നീക്കി നവീകരിച്ചു

കോഴിക്കോട് ജില്ലയിലെ മൂന്ന് നീര്‍ച്ചാലുകള്‍ കൂടി പഴയ പ്രതാപത്തിലേക്ക്. പുറക്കാട്ടിരി കുറ്റിക്കാട്ടൂര്‍ മേഖലയിലെ തോടുകളാണ് മാലിന്യം നീക്കി തെളിനീരൊഴുകുന്ന ഇടങ്ങളായത്. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയില്‍പ്പെടുത്തിയാണ് നവീകരണം.  

തൈരാടത്ത് താഴം തോട്, പട്ടര്‍പാലം തോട്, നരിക്കുനിതാഴം മണോളിത്താഴം തോട് എന്നിവയാണ് വീണ്ടും തടസമില്ലാതെ ഒഴുകിത്തുടങ്ങിയത്. ചുനയില്‍കുന്നില്‍ ആരംഭിച്ച് പുറക്കാട്ടിരി അകലാപ്പുഴയില്‍ ചേരുന്ന തൈരാടത്ത് താഴം തോട് മാലിന്യവും കൈയ്യേറ്റം കാരണവും ഒഴുക്ക് നിലച്ച അവസ്ഥയായിരുന്നു. ചെളിയടിഞ്ഞ് കെട്ടിക്കിടക്കുന്ന വെള്ളത്തിന് ദുര്‍ഗന്ധം വരുന്ന അവസ്ഥയെത്തി. ഇതോടെ പ്രദേശത്ത് വെള്ളപ്പൊക്ക സാധ്യതയും രൂക്ഷമായി. ചേളന്നൂര്‍ കാക്കൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന പട്ടര്‍പാലം തോട് പ്രദേശത്തെ പ്രധാന ജലഉറവിടമാണ്. കൈത നിറഞ്ഞും നിരവധി മരങ്ങള്‍ ഒഴുകിയെത്തിയും പായലും ഒഴുക്ക് തടസപ്പെടുത്തുന്നതിന് കാരണമായി. അടഞ്ഞ ഭാഗങ്ങള്‍ യന്ത്രസഹായത്തോടെ പൂര്‍വസ്ഥിതിയിലാക്കുന്ന നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും ഉള്‍പ്പെടെയുള്ള കൂട്ടായ്മ നവീകരണത്തിന്റെ ഭാഗമായി. 

ഇനി ഞാനൊഴുകട്ടെ പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം മുപ്പതിലധികം തോടുകളാണ് പഴയ ഒഴുക്ക് തിരിച്ചുപിടിച്ചത്. കൊതുക് വളര്‍ത്തല്‍ കേന്ദ്രമായിരുന്ന ഇടങ്ങള്‍ കുടിവെള്ള ഉറവിടമായി വരെ മാറുന്നതാണ് അനുഭവം.