എയിംസ് ആശുപത്രി കാസര്‍കോട്ട് സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കൂട്ടായ്മ

എയിംസ് ആശുപത്രി കാസര്‍കോട്ട് സ്ഥാപിക്കണമെന്ന ആവശ്യവുമായി വനിതാ ദിനത്തില്‍ വനിതകളുടെ പ്രതിഷേധക്കൂട്ടായ്മ. കേന്ദ്രത്തിന് കാസര്‍കോടിന്‍റെ പേരുകൂടി ഉള്‍പ്പെടുത്തി പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സത്യഗ്രഹസമരം സംഘടിപ്പിച്ചു. എയിംസ് ഫോര്‍ കാസര്‍കോട് വനിതാ വിങ്ങിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

ചികില്‍സയ്ക്കായി മംഗളൂരുവിലുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥ അവസാനിപ്പിക്കാന്‍ എയിംസ് മാത്രമാണ് പ്രതിവിധി. ഈ ആവശ്യം മുന്‍നിര്‍ത്തിയാണ് വനിതാ ദിനമായ ഇന്നലെ വനിതകളുടെ പ്രതിഷേധം അരങ്ങേറിയത്. കോവിഡ് കാലത്ത് കര്‍ണാടക അതിര്‍ത്തി അടച്ചപ്പോള്‍ ജില്ലയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് നീതി ലഭ്യമാക്കാന്‍ എയിംസ് തന്നെയാണ് പരിഹാരമാര്‍ഗമെന്നും ഇവര്‍ പറയുന്നു. ജില്ലയിലെ പ്രധാന ആശുപത്രികളായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, അഞ്ച് താലൂക്ക് ആശുപത്രികള്‍ എന്നിവയാണ്. ഇവയെല്ലാം അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയുമാണ്. ഉക്കിനടുക്കയിലുള്ള മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായിട്ടുമില്ല. നൂറുകണക്കിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍കൂടി ഉള്ള ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്നാണ് വനിതാ കൂട്ടായ്മയുടെ ആവശ്യം.

സര്‍ക്കാര്‍ ഭൂമി ഏറെയുള്ള ജില്ലയില്‍ എയിംസ് സ്ഥാപിക്കാനുള്ള സ്ഥല സൗകര്യങ്ങള്‍ക്ക് പ്രശ്നമുണ്ടാകില്ലെന്നും സമരസമിതി പറയുന്നു. എയിംസ് അനുവദിക്കാനുള്ള പ്രൊപ്പോസലില്‍ മറ്റ് ജില്ലകള്‍ക്കൊപ്പം കാസര്‍കോടിന്‍റെ പേരുകൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.