കോരപ്പുഴ അഴിമുഖത്തെ മണലും ചെളിയും നീക്കം ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കും

കോഴിക്കോട് കോരപ്പുഴ അഴിമുഖത്തെ മണലും ചെളിയും നീക്കം ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ കര്‍ശന നിര്‍ദേശം. കോടതി ഇടപെട്ടിട്ടും ഉദ്യോഗസ്ഥ തലത്തില്‍ നടപടിയുണ്ടാകുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെതുടര്‍ന്നാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടത്. 

പതിനെട്ടുവര്‍ഷമായി എലത്തൂരിലെ നാട്ടുകാര്‍ കോരപ്പുഴയിലെ മണലും ചെളിയും നീക്കി കിട്ടാനുള്ള പരിശ്രമത്തിലാണ്. ഒടുവില്‍ മൂന്ന് വര്‍ഷം മുന്‍പ് ജലസേചനവകുപ്പ് ടെന്‍ണ്ടര്‍ വിളിച്ച് കരാര്‍ നല്‍കി. എന്നാല്‍ സെക്യൂരിറ്റി തുകയില്‍ തുടങ്ങിയ തര്‍ക്കം കോരിമാറ്റുന്ന മണല്‍ എവിടെ നിക്ഷേപിക്കുമെന്ന തര്‍ക്കത്തിലെത്തി നില്‍ക്കുന്നു. അഴിമുഖത്താണെങ്കില്‍ ഓരോ വര്‍ഷം കഴിയുന്തോറും മണലും ചെളിയും വന്നടിഞ്ഞ് പുഴയുടെ ഒഴുക്ക് തടസപ്പെടുന്നു. പുഴ കരകവിയാന്‍ കാരണമാകുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായി. 

മണലും ചെളിയും സൂക്ഷിക്കാന്‍ സ്ഥലം എത്രയും വേഗം കണ്ടെത്തി നല്‍കണമെന്നാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മേല്‍നോട്ടത്തിന് കലക്ടറെയും ചുമതലപ്പെടുത്തി.