25 ലക്ഷം അനുവദിച്ചിട്ട് മൂന്ന് വർഷം; നവീകരിക്കാതെ പന്തിപ്പൊയില്‍ മിനി സ്റ്റേഡിയം

വയനാട് പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ മിനി സ്റ്റേഡിയത്തിന്റെ നവീകരണം നടപ്പിലായില്ല. ഇരുപത്തഞ്ച് ലക്ഷം രൂപ മൂന്ന് വര്‍ഷം മുമ്പ് അനുവദിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇതുവരേയായിട്ടും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

കളിക്കമ്പമ്പക്കാര്‍ ഏറെയുള്ള സ്ഥലമാണ് പടിഞ്ഞാറത്തറ. പന്തിപ്പൊയിലാണ് പഞ്ചായത്തിന്റെ മിനിസ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. വാരാമ്പറ്റ, കാപ്പിക്കളം തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ ഇവിടെ കളിക്കാനെത്തുന്നു. സ്റ്റേഡിയം വികസിപ്പിക്കണമെന്നത് കളിസ്നേഹികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു.

എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ എം.പിയായിരിക്കേ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

പക്ഷെ നവീകരണങ്ങളൊന്നും നടന്നില്ല. ഫ്ലഡ് ലൈറ്റുകള്‍, ഡ്രസിങ് റൂമുകള്‍ എന്നിവയൊന്നും ഒരുക്കിയില്ല. ചുറ്റും വലിയ നെറ്റ് സ്ഥാപിച്ചെങ്കിലും തകര്‍ന്നു വീണു. കാരാറുകാരന്റെ അനാസ്ഥയും അധികൃതരുടെ അനാസ്ഥയുമാണെന്നാണ് ആക്ഷേപം. ദിവസവും നിരവധി പേര്‍ ഇവിടെ കളിക്കാനെത്തുന്നു. മൈതാനത്തിന് ചുറ്റും കാടുമൂടിക്കിടക്കുന്ന അവസ്ഥയാണ്.