തെരുവുനായ ശല്യം രൂക്ഷം; നടപടിയില്ല; പരാതിയുമായി നാട്ടുകാർ

മലപ്പുറം തിരൂരിലെ ജനവാസ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷം. കുട്ടികളുൾപ്പെടെയുള്ളവർക്ക് നായ്ക്കളുടെ കടിയേറ്റിട്ടും നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഭക്ഷണം ലഭിക്കാത്തതാണ് നായ്ക്കൾ കൂടുതൽ അക്രമകാരികളാകാൻ കാരണം.

സന്ധ്യയായാൽ തിരൂരിലെ പ്രധാന ജനവാസ കേന്ദ്രങ്ങളിൽ പോലും ഇതാണ് കാഴ്ച്ച. കുരച്ചുകൊണ്ട് പാഞ്ഞെത്തുന്ന നായ്ക്കളെ പേടിച്ചാണ് വീടുകൾക്കുള്ളിൽ പോലും ഇവിടെയുള്ളവർ കഴിയുന്നത്. റയിൽവേ സ്‌റ്റേഷൻ, തൃക്കണ്ടിയൂർ, താഴേപ്പാലം, ബസ്സ്റ്റാൻ്റ് എന്നിവിടങ്ങളിലാണ് നായ്ക്കളുടെ ശല്യം രൂക്ഷം. വഴിയാത്രക്കാർക്കാണ് ഏറെ ഭീഷണി.

തിരൂർ ചേന്നരയിൽ കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് വയസുള്ള കുട്ടിയുൾപ്പെടെ ഏഴ് പേർക്ക് പരുക്കേറ്റിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇവയ്ക്ക് ആവശ്യമായ ഭക്ഷണം എത്തിച്ചു നൽകുകയോ നായ്ക്കളെ വന്ധ്യംകരിക്കുകയോ ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.